സ്‌കൂൾ പഠനമികവിൽ വീണ്ടും മുന്നേറി കേരളം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിജിഐ ഡി പട്ടിക

പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് വീണ്ടും മാതൃകതീർത്ത് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻന്‍റെ 2023-24 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്ടിൽ (പിജിഐ -ഡി) കേരളത്തിൽ നിന്ന് എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശൂർ എന്നീ നാല് ജില്ലകൾ 60 ശതമാനത്തിലധികം സ്കോർ നേടി. 10 ജില്ലകൾക്ക് 50 ശതമാനത്തിലധികമാണ് സ്കോർ.

എറണാകുളം ആണ് സംസ്ഥാനത്ത് ഒന്നാമത്. രാജ്യത്ത് 41 ജില്ല മാത്രമാണ് 60 ശതമാനത്തിലധികം സ്കോർ നേടിയത്. ജില്ലാ അടിസ്ഥാനത്തിൽ സ്‌കൂൾ പഠനമികവ് വിലയിരുത്തലാണ് പിജിഐ – ഡി.

പഠനനിലവാരം, അധ്യാപകരുടെ അർപ്പണബോധം, ക്ലാസ് മുറികളുടെ വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങൾ, സ്‌കൂൾ സുരക്ഷ, ഡിജിറ്റൽ പഠനം ഉൾപ്പെടെ 74 സൂചകങ്ങൾളനുസരിച്ച് ആകെ 600 ആണ് സ്കോർ. ജില്ലകൾക്ക് ഉൽക്കർഷ് (91-100%), ഉത്തം -1 (81-90%), ഉത്തം 2 (71-80%), ഉത്തം-3 (61-70%), പ്രചേഷ്ട-1 (51-60%), പ്രചേഷ്ട -2 (41-50%), പ്രചേഷ്ട-3 (31-40%), ആകാംക്ഷി-1 (21-30%), ആകാംക്ഷി-2 (11–20 %), ആകാംക്ഷി-3 (10 % വരെ) എന്നിങ്ങനെയാണ് സ്കോർ നൽകുന്നത്.

ഉൽകർഷ്, ഉത്തം -1 വിഭാഗത്തിൽ ഒരു ജില്ലയുമില്ല. ഉത്തം 2ൽ പഞ്ചാബിലെ ബർനാല ജില്ല ഇടം പിടിച്ചു.