

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ മൂന്നാം വിക്ഷേപണത്തറ (Launch Pad) സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 3,985 കോടി രൂപ ചെലവിലാണ് മൂന്നാം ലോഞ്ച് പാഡ് സ്ഥാപിക്കുക.
ഇന്ത്യയുടെ ‘മോൺസ്റ്റർ റോക്കറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന പുതുതലമുറ വിക്ഷേപണ വാഹനങ്ങളും (NGLV) സെമി ക്രയോജനിക് സ്റ്റേജിലുള്ള LVM3 വാഹനങ്ങളും കൈകാര്യം ചെയ്യാൻ ഉതകുന്നതായിരിക്കും പുതിയ വിക്ഷേപണത്തറ. നാല് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ഇന്ത്യ ചെയ്യാൻ പോകുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകുന്ന മികച്ച ലോഞ്ച് പാഡ് ആകുമിത്.
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇസ്രോ ദൗത്യങ്ങൾ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ വിക്ഷേപണത്തറയ്‌ക്ക് കേന്ദ്രസർക്കാർ പച്ചക്കൊടി വീശുന്നതെന്ന് പ്രത്യേകതയുമുണ്ട്. അതിനാൽ 2040ൽ ഭാരതീയനെ ചന്ദ്രനിലേക്ക് അയക്കുന്ന ദൗത്യത്തിനായി റോക്കറ്റ് വിക്ഷേപിക്കുന്നത് ശ്രീഹരിക്കോട്ടയിലെ മൂന്നാം വിക്ഷേപണത്തറയിൽ നിന്നാകും. ഉത്തരചെന്നൈയിൽ നിന്ന് 100 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന കൊച്ചുദ്വീപാണ് ശ്രീഹരിക്കോട്ട. ഇവിടെയുള്ള സ്പേസ് സെന്ററിൽ നിന്നാണ് ഇസ്രോയുടെ നിർണായക ദൗത്യങ്ങൾ വിക്ഷേപിക്കാറുള്ളത്. ശ്രീഹരിക്കോട്ടയിൽ നിലവിലുള്ള രണ്ട് വിക്ഷേപണത്തറകളേക്കാൾ വലുതും മെച്ചപ്പെട്ടതുമായിരിക്കും പുതിയ ലോഞ്ച് പാഡ്.