

വിദേശ താരങ്ങൾ തിരിച്ചെത്തുന്നതിൽ അനിശ്ചിതത്വം തുടരവെ ഐപിഎൽ വിജയകരമായി അവസാനിപ്പിക്കാൻ ബിസിസിഐ തിരക്കിട്ട നീക്കത്തിൽ. ഒരാഴ്ചത്തേക്ക് നിർത്തിവച്ച ഐപിഎൽ ശനിയാഴ്ചയാണ് വീണ്ടും തുടങ്ങുന്നത്.
കളി നീണ്ടതോടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുങ്ങുന്ന കളിക്കാർ പ്രതിസന്ധിയിലായി. ചില വിദേശ താരങ്ങൾ പിന്മാറി. ഈ സാഹചര്യത്തിൽ ടീമുകൾക്ക് താൽക്കാലികമായി പകരം കളിക്കാരെ കൊണ്ടുവരാമെന്ന് ഐപിഎൽ അധികൃതർ വ്യക്തമാക്കി. ഫൈനൽ ഉൾപ്പെടെ 17 മത്സരങ്ങളാണ് ശേഷിക്കുന്നത്.
ഒരു കളിക്കാരന് പരിക്കേൽക്കുകയോ രാജ്യത്തിനുവേണ്ടി കളിക്കാൻ പോകേണ്ടിവന്നാലോ താൽക്കാലികമായി ടീമുകൾ മറ്റൊരു താരത്തെ കൊണ്ടുവരാമെന്നാണ് ഐപിഎല്ലിലെ ചട്ടം. പക്ഷേ, ഒരു ടീം 12 മത്സരം പൂർത്തിയാക്കുന്നതിനുമുമ്പായി വേണം കളിക്കാരെ മാറ്റാൻ. എന്നാൽ, പുതിയ സാഹചര്യത്തിൽ ഐപിഎൽ ഭരണസമിതി ചട്ടം ഭേദഗതിചെയ്യുകയായിരുന്നു. മുഖ്യമായും പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ടീമുകൾ കളിക്കാരെ മാറ്റുന്നത്. ലീഗ് ഘട്ടംവരെ മുഴുവൻ വിദേശ താരങ്ങളെയും ലഭ്യമായേക്കും. പ്ലേ ഓഫ് ഈമാസം അവസാനവും ജൂൺ ആദ്യവാരവുമാണ്. ഈഘട്ടത്തിൽ പല താരങ്ങൾക്കും അവരുടെ രാജ്യങ്ങൾക്കായി കളിക്കാനിറങ്ങേണ്ടിവരും.
താൽക്കാലികമായി എടുക്കുന്ന കളിക്കാരെ അടുത്ത സീസണിൽ നിലനിർത്താനാകില്ല. ഈ സീസൺ അവസാനിക്കുന്നതോടെ അവരുമായുള്ള കരാർ അവസാനിപ്പിക്കണം. അതേസമയം, ലീഗ് ഇടയ്ക്കുവച്ച് നിർത്തുന്നതിന് മുമ്പ് ടീമിലെത്തിച്ച കളിക്കാർക്ക് ഇത് ബാധകമല്ല. അവരെ നിലനിർത്താനാകും. നാല് കളിക്കാരാണ് ഇങ്ങനെ എത്തിയത്.
സെദീഖുള്ള അതാൽ (ഡൽഹി ക്യാപിറ്റൽസ്), മായങ്ക് അഗർവാൾ (റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു), ലുഹാൻ ഡ്രെ പ്രിട്ടോറിയസ്, നൻഡ്രൂ ബർഗെർ (രാജസ്ഥാൻ റോയൽസ്) എന്നിവരാണ് നിർത്തിവയ്ക്കും മുമ്പെ കരാറായ കളിക്കാർ.
ഐപിഎൽ കളിക്കാൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഓസ്ട്രേലിയൻ ബാറ്റർ ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക് വ്യക്തമാക്കി. ഡൽഹി ക്യാപിറ്റൽസ് ഒമ്പതുകോടി രൂപയ്ക്കാണ് മക്ഗുർക്കിനെ സ്വന്തമാക്കിയത്. മോശംപ്രകടനം കാരണം ആദ്യമത്സരങ്ങൾക്കുശേഷം ഓസീസുകാരന് ടീമിൽ ഇടംകിട്ടിയിരുന്നില്ല. പകരക്കാരനായി ബംഗ്ലാദേശ് പേസർ മുസ്‌താഫിസുർ റഹ്‌മാനെ കൊണ്ടുവന്നു. ഏഴുകോടി രൂപയാണ് ഡൽഹി മുടക്കിയത്. മറ്റൊരു ഓസീസ് താരം മിച്ചെൽ സ്‌റ്റാർക്, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസിസ്, ട്രിറ്റൺ സറ്റ്ബ്‌സ് എന്നിവർ തിരിച്ചെത്തുന്നതിൽ ഉറപ്പായിട്ടില്ല.
അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസമായി ദക്ഷിണാഫ്രിക്കക്കാരൻ ക്വിൻ്റൺ ഡി കോക്ക് എത്തുമെന്ന് വ്യക്തമാക്കി. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി സംശയത്തിലാണ്. മുംബൈ ഇന്ത്യൻസിൻ്റെ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കും.
ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്ലർ, ജേക്കബ് ബെതെൽ, വിൽ ജാക്‌സ് എന്നിവർക്ക് പ്ലേ ഓഫ് മത്സരങ്ങൾ നഷ്ടമാകും. 29ന് വെസ്റ്റിൻഡീസിനെതിരെ തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ മൂവരുമുണ്ട്. ബട്ലർ ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന താരമാണ്. ബെതെൽ ബംഗളൂരുവിനും ജാക് മുംബൈക്കുമായാണ് കളിക്കുന്നത്.