സംസ്ഥാനത്തെ വൈദ്യുതിതൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കാൻ കെഎസ്ഇബി വിതരണ മേഖല ഉന്നതതല യോഗം തീരുമാനിച്ചു. ജനുവരി മാസം അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബിളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദ്ദേശം.
വൻകിട കമ്പനികളുടെയടക്കം കേബിളുകളാണ് സംസ്ഥാനത്തുടനീളം വലിച്ചിട്ടുള്ളത്. പലയിടങ്ങളിലും കേബിളുകള്‍ തൂങ്ങിക്കിടന്ന് അപകടം പതിവാണ്. രണ്ട് വര്‍ഷം മുമ്പ് തൂങ്ങിക്കിടന്ന കേബിളില്‍ വാഹനം കുടുങ്ങി ഒരു മരണം സംഭവിച്ചതോടെ അനധികൃത കേബിളുകള്‍ നീക്കാൻ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ജീവനക്കാരുടെ അപര്യാപ്തതയായിരുന്നു കാരണം. അതിനാല്‍, ഈ പ്രവൃത്തിക്ക് മുഴുവൻസമയശ്രദ്ധ നല്കി പുറംപണിക്കാരെ ഉള്‍പ്പെടെ ഉപയോഗിച്ച് നടപടി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി ആക്ഷൻ പ്ലാൻ തയാറാക്കണം.
ഇലക്ട്രിക്കല്‍ ഡിവിഷൻ തലത്തില്‍ സബ് എൻജിനീയറും ഓവര്‍സീയറും അടങ്ങുന്ന പ്രത്യേക സ്ക്വാഡുകളാക്കി പ്രവൃത്തി തുടങ്ങാനും വിതരണ വിഭാഗം ചീഫ് എൻജിനീയര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍മാര്‍ പുരോഗതി വിലയിരുത്തണം. അതിന് മുമ്പ് എല്ലാ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണം. ജില്ലാ കലക്ടര്‍മാര്‍ക്കും പോലീസ് സൂപ്രണ്ടിനും വിവരം കൈമാറിയിട്ട് വേണം പ്രവൃത്തി തുടങ്ങാനെന്നും വിതരണ വിഭാഗം ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.