ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ റെയിൽവേ. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന ടിൽടിങ് ട്രെയിനുകളുമായാണ് പുത്തൻ പരീക്ഷണം. പുതിയതായി നിർമിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ വിദേശസഹകരണത്തോടെ ഈ സാങ്കേതികവിദ്യ നടപ്പാക്കി. ഘട്ടങ്ങളായി മറ്റ് ട്രെയിനുകളിലും കൊണ്ടുവരാനാണ് ആലോചന.
കോച്ചുകളുടെ അടിഭാഗത്തുള്ള പ്രത്യേക ഹൈഡ്രോളിക് സംവിധാനത്തിലാണ് വളവുകളിൽ വേഗം കുറയ്ക്കാതെ ട്രെയിൻ ഓടുന്നത്. ഇതിനായി ഹൈഡ്രോളിക് ടിൽടിങ് ബോഗികൾ ഉപയോഗിക്കേണ്ടിവരും. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുന്ന പുതിയ ട്രെയിനുകളിൽ സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് നീക്കം.
അർധ -അതിവേഗ റെയിൽവേയ്ക്കായി പഠനം നടത്തിയ മുൻ റെയിൽവേ ചീഫ് എൻജിനീയർ അലോക് വർമയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിൽ ടിൽടിങ് ട്രെയിനാണ് കേരളത്തിന് അനുയോജ്യമായ മാതൃകയെന്ന് വ്യക്തമാക്കിയിരുന്നു. ആറുമണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താനാകും.
കേരളത്തിൽ നിലവിൽ 55-60 കിലോമീറ്ററാണ് ശരാശരി ട്രെയിൻ വേഗം. വളവുകളും കയറ്റങ്ങളുമുള്ള പാത കാരണം വേഗം കൂട്ടാൻ കഴിയാത്ത സാഹചര്യവുമുണ്ട്. തിരുവനന്തപുരം-കാസർകോട് പാതയിൽ 36 ശതമാനവും വളവുകളാണ്. ഈ ഭാഗത്ത് 626 വളവുകളും 230 ലെവൽക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമുള്ളതിനാൽ നിലവിൽ വേഗം കൂട്ടൽ അസാധ്യമാണ്. 2016-ൽ മുംബൈ-ഡൽഹി റൂട്ടിൽ ടിൽടിങ് തീവണ്ടി പരീക്ഷിച്ചിരുന്നു. 2017 -ൽ വിദേശ സാങ്കേതികവിദ്യയുടെ സഹകരണത്തോടെ തദ്ദേശീയമായി ഇത്തരം ബോഗികൾ ഉണ്ടാക്കാൻ കരാറൊപ്പിട്ടിരുന്നെങ്കിലും മുന്നോട്ട് പോയില്ല.
ചൈന, ഇറ്റലി, റഷ്യ, പോർച്ചുഗൽ, ഫിൻലൻഡ്, യുകെ, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. വേഗത്തിന്റെ സ്വാധീനത്താൽ കോച്ചുകൾ സ്വയം ചെരിയുന്ന പാസീവ് ടിൽട്ടും ഇലക്ട്രിക് -ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് കോച്ചുകൾ കൃത്യമായ അളവിൽ ചെരിയുന്ന ആക്ടീവ് ടിൽട്ട് സാങ്കേതികവിദ്യയുമുണ്ട്.
