ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; അടുത്ത ജനുവരി മുതൽ നടപ്പിലാകും

ട്രെയിൻ യാത്രികർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്ര പദ്ധതികൾ മാറ്റിവെക്കുന്നത് കാരണം മുൻകൂട്ടി ബുക്ക് ചെയ്‌ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ക്യാൻസലേഷൻ ചാർജും മറ്റുമായി ടിക്കറ്റ് നിരക്കിന്‍റെ നല്ലൊരു ഭാഗം ഇതിലൂടെ യാത്രക്കാർക്ക് നഷ്‌ടപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ യാത്രക്കാർക്ക് പണം നഷ്‌ടപ്പെടാതെ തങ്ങളുടെ യാത്രയിൽ മാറ്റം വരുത്താൻ സഹായിക്കുന്ന പുതിയ നയമാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ കൊണ്ടു വന്നിരിക്കുന്നത്.

ട്രെയിൻ ടിക്കറ്റുകളിലെ യാത്രാ തീയതി അധിക ചാർജ് കൊടുക്കാതെ തന്നെ ഓൺലൈനായി മാറ്റാൻ യാത്രക്കാർക്ക് സാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം ജനുവരി മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും. നിലവിലെ രീതിയനുസരിച്ച് യാത്രാ തീയതി മാറിയാൽ യാത്രക്കാർ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്യുകയേ മാർഗമുള്ളൂ. ടിക്കറ്റ് റദ്ദാക്കുന്നതിന്റെ കാലക്രമം അനുസരിച്ച് ക്യാൻസലേഷൻ ചാർജുകളും നഷ്ട‌മായിരുന്നു.

പുതിയ നയത്തിൽ ടിക്കറ്റിന്റെ തീയതി മാറ്റാൻ സാധിക്കുമെങ്കിലും സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രമേ ഇതിന് സാധിക്കൂവെന്നും റെയിൽവേ മന്ത്രി അറിയിച്ചു. കൂടാതെ, പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കിൽ, യാത്രക്കാർ ആ വ്യത്യാസം നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.