ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഒരുക്കത്തിന്റെ ആദ്യപാഠം ഇന്ന്. വെസ്‌റ്റിൻഡീസുമായുള്ള ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ആദ്യമത്സരം ഇന്നാണ്. ബ്രിഡ്‌ജ്‌ടൗണിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് കളി.
സ്വന്തംനാട്ടിൽ നടക്കുന്ന ലോകകപ്പിന് മികച്ച ഒരുക്കമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള ഒരുപിടി താരങ്ങളുടെ പോരാട്ടവേദികൂടിയാണ് ഈ പരമ്പര. അതിൽ സഞ്‌ജു സാംസണും ഇഷാൻ കിഷനും തമ്മിലുള്ള മത്സരമായിരിക്കുമെന്നത് ശ്രദ്ധേയം. ഋഷഭ് പന്തിന്റെ അഭാവത്തിൽ ലോകകപ്പിലെ രണ്ടാംവിക്കറ്റ് കീപ്പറാകാനുള്ള അവസരമാണ് ഇരുവർക്കും. പരിക്കുമാറി പരിശീലനം നടത്തുന്ന ലോകേഷ് രാഹുലായിരിക്കും ലോകകപ്പിൽ ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പർ.
നാല് ഓൾ റൗണ്ടർമാരാണ് ഇന്ത്യൻ ടീമിൽ. വൈസ് ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ ഠാക്കൂർ എന്നിവർ. ഇവരിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ തലവേദന. മറുവശത്ത്, ഇടംകൈയൻ ബാറ്റർ ഷിംറോൺ ഹെറ്റ്‌മെയറെ തിരിച്ചുവിളിച്ചാണ് വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചത്. നാൽപ്പത്തേഴ് കളിയിൽ അഞ്ച് സെഞ്ചുറികൾ ഉൾപ്പെടെ നേടിയിട്ടുള്ള ഹെറ്റ്‌മെയർക്ക് 2021 ജൂലൈക്കുശേഷം വിൻഡീസ് ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യക്കെതിരെ രണ്ട് സെഞ്ചുറിയുണ്ട്. ഒഷെയ്‌ൻ തോമസ് ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തി.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, സഞ്‌ജു സാംസൺ/ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ/ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്/ജയദേവ് ഉനദ്‌ഘട്ട്/ മുകേഷ് കുമാർ.
വെസ്‌റ്റിൻഡീസ് ടീം: ബ്രണ്ടൻ കിങ്, കൈൽ മയേഴ്‌സ്, കീസി കാർട്ടി, ഷായ് ഹോപ്, ഷിംറോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, റൊമാരിയോ ഷെപേർഡ്, കെവിൻ സിൻക്ലയർ, അൽസാരി ജോസഫ്, ഗുദകേഷ് മോട്ടി/ യാന്നിക് കാറിയ/ഒഷെയ്‌ൻ തോമസ്, ജയ്‌ഡെൻ ഷീൽസ്.