അതിസമ്പന്നർ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

തിസമ്പന്നരുടെ പട്ടികയില്‍ ആഗോള തലത്തില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യ. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്‍റെ ഏറ്റവും പുതിയ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം, 85,698 ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ആണ് ഇന്ത്യയിലുള്ളത്.  യുഎസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

കുറഞ്ഞത് 8 കോടി രൂപയെങ്കിലും നിക്ഷേപം നടത്താന്‍ സാധിക്കുന്ന തരത്തില്‍ അധിക തുക കയ്യിലുള്ളവരെയാണ് അതിസമ്പന്നരായി കണക്കാക്കുന്നത്. ആകെ ആസ്തിയല്ല, മറിച്ച് ആസ്തിക്ക് പുറമേ നിക്ഷേപം നടത്താന്‍ സാധിക്കുന്ന രീതിയില്‍ 8 കോടി രൂപ തുകയായി പക്കലുണ്ടോ എന്നതാണ് മാനദണ്ഡമായി കണക്കാക്കുന്നത്.  

അതി സമ്പന്നരില്‍ 3.7 ശതമാനം പേര്‍ ഇന്ത്യക്കാരാണ്. സമ്പന്നരെ സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതി സമ്പന്നരില്‍ 40% യുഎസിലാണ് താമസിക്കുന്നത്. ചൈനക്കാരാണ് 20 ശതമാനം പേര്‍. ജപ്പാനില്‍ നിന്ന് 5 ശതമാനം പേരാണ് പട്ടികയിലുള്ളത്.ഇന്ത്യക്ക് പിന്നില്‍ 69,798 പേരുള്ള ജര്‍മനിയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ആറാമത് കാനഡയും ഏഴാമത് യു.കെയുമാണ്. ഫ്രാന്‍സ്, ഓസ്ട്രേലിയ, ഹോങ്കോംഗ്,ഇറ്റലി, ദക്ഷിണാഫ്രിക്ക, തയ്വാന്‍, ബ്രസീല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് അതി സമ്പന്നരുള്ള ഇന്ത്യക്ക് പിന്നിലുള്ള മറ്റ് രാജ്യങ്ങള്‍. 

അതി സമ്പന്നരുടെ എണ്ണം 2024 ല്‍ ആഗോളതലത്തില്‍ 4.4% വര്‍ദ്ധിച്ച് 2.3 ദശലക്ഷത്തിലധികം ആളുകളില്‍ എത്തി.  100 മില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള അള്‍ട്രാ-ഹൈ-നെറ്റ് വര്‍ത്ത് വ്യക്തികളുടെ എണ്ണം ആദ്യമായി 100,000 കവിഞ്ഞു. ശതകോടീശ്വരന്‍മാരുടെ എണ്ണവും ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ശതകോടീശ്വരന്‍മാരുടെ  ആസ്തിയില്‍ 132 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. യുബിഎസിന്‍റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി കഴിഞ്ഞ ദശകത്തില്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് 2023 ലെ 637.1 ബില്യണില്‍ നിന്ന് 2024 ല്‍ 905.6 ബില്യണ്‍ ഡോളറായി. ആഗോള ശരാശരിയേക്കാളും കൂടുതലാണിത്.