രാജ്യത്ത് വായ്പകളില്‍ വന്‍വര്‍ധനവ്, വായ്പയടയ്ക്കുന്നവര്‍ 28.3 കോടി

രാജ്യത്ത് വായ്‌പകളിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. കേന്ദ്ര സാമ്പത്തിക സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി അനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ബാധ്യതകളുള്ള ഇന്ത്യക്കാരുടെ എണ്ണം 2017-18ൽ 12.8 കോടിയിൽ നിന്ന് 2024-25ൽ 28.3 കോടിയായി. കേന്ദ്രമന്ത്രി നൽകിയ രേഖ അനുസരിച്ച് ഇരട്ടിയിലധികമാണ് വർധന.

ഗാർഹിക സാമ്പത്തിക ബാധ്യതകളിലെ കുതിച്ചുചാട്ടവും ഇതേ രേഖ വെളിപ്പെടുത്തുന്നു. 2015 സാമ്പത്തിക വർഷത്തിൽ 3.8 ലക്ഷം കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 18.8 ലക്ഷം കോടി രൂപയായി ഇത് ഉയർന്നു, 2025 സാമ്പത്തിക വർഷത്തിൽ 15.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിലവിൽ വായ്‌പ തിരിച്ചടയ്ക്കുന്നത് 28.3 കോടി ആളുകളാണ്.

മൊത്ത ആഭ്യന്തര ഉത്പാദനവുമായി (ജിഡിപി) താരതമ്യം ചെയ്യുമ്പോൾ ഈ പ്രവണത ശ്രദ്ധേയമാണ്. 2015 സാമ്പത്തിക വർഷത്തിൽ ഗാർഹിക വായ്‌പ ജിഡിപിയുടെ 3 ശതമാനം മാത്രമായിരുന്നു. പത്ത് വർഷത്തിനുശേഷം, ഇത് ഏകദേശം ഇരട്ടിയായി. 2024 സാമ്പത്തിക വർഷത്തിൽ 6.2 ശതമാനമായി ഉയർന്നു. 2025 സാമ്പത്തിക വർഷത്തിൽ 4.7 ശതമാനമായി കുറഞ്ഞു (2025 സാമ്പത്തിക വർഷത്തിലെ കണക്കുകൾ ആർബിഐയുടെ ഓഗസ്റ്റ് 2025 ബുള്ളറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്).

വായ്പ്‌പയെടുത്ത വ്യക്തിയുടെ ശരാശരി വായ്പയും വർധിച്ചു. 2018 സാമ്പത്തിക വർഷത്തിൽ 3.4 ലക്ഷം രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 4.8 ലക്ഷം രൂപയായി ഉയർന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വികസിക്കുമ്പോൾ, ഗാർഹിക വായ്പ‌ വളർച്ചയും ഒരു പ്രധാന ഘടകമായി തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ വരുമാനം വായ്‌പ വളർച്ചയ്ക്കനുസരിച്ച് നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ അപകടസാധ്യത വർധിപ്പിക്കാമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.