

ഈ വേനൽക്കാലത്ത് ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് പ്രതീക്ഷിക്കാമെന്നും കൂടുതൽ ഉഷ്ണതരംഗ ദിവസങ്ങൾ വരാൻ പോവുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കുന്നതിന്റെയും ഇരട്ടി താപനിലയാണ് രേഖപ്പെടുത്തുന്നത്.
കടുത്ത വേനൽക്കാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതുമയല്ല, എന്നാൽ കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗ ദിനങ്ങൾ കൂട്ടുന്നതിനും തീവ്രമാക്കുന്നതിനും കാരണമാകുന്നുവെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
‘ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ സാധാരണയായി നാല് മുതൽ ഏഴ് വരെ ഉഷ്‌ണതരംഗ ദിവസങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കർണാടക, തമിഴ്‌നാട് എന്നിവയുടെ വടക്കൻ ഭാഗങ്ങളിലുമാണ് ഏറ്റവും കൂടുതൽ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ.’– കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
ശിശുക്കൾ, പ്രായമായവർ, രോഗികൾ, പുറം ജോലിക്കാർ എന്നിവരാണ് കടുത്ത ചൂടിൽ ദുരിതമനുഭവിക്കുന്നവർ. താപനില കൂടുമ്പോൾ അമിതസമ്മർദം, തലകറക്കം, തലവേദന എന്നിവ മുതൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെവരെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് മരണത്തിനും കാരണമായേക്കാം. അതിനാൽ ഈ വെല്ലുവിളികളെ നേരിടാൻ വേണ്ട മുൻകരുതലുകൾ പൊതുജനങ്ങൾ സ്വീകരിക്കണമെന്നു ഐഎംഡി പറഞ്ഞു.