

രാജ്യം സമ്പൂർണമായി ഇപാസ്പോർട്ട് യുഗത്തിലെത്തി. മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽ നിന്നുകൂടി തിങ്കളാഴ്ച ഇ-പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും. രാജ്യം സമ്പൂർണമായി ഇ-പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
കേരളത്തിലെ എല്ലാ റീജനൽ പാസ്പോർട്ട് ഓഫിസുകളും ഇതിനകംതന്നെ ഇ-പാസ്പോർട്ടുകൾ നൽകിത്തുടങ്ങി. പുതിയ അപേക്ഷകർക്കും പാസ്പോർട്ട് പുതുക്കുന്നവർക്കും ഇനി ലഭിക്കുക ഇതായിരിക്കും. നിലവിലുള്ള പാസ്പോർട്ടുകൾ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം.
കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിലും നാഗ്‌പൂരിലുമാണ് പാസ്പോർട്ട് സേവാ 2.0 പദ്ധതിപ്രകാരം പരീക്ഷണാടിസ്‌ഥാനത്തിൽ ഈ സംവിധാനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഏപ്രിൽ ഒന്നിനു പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ഏപ്രിലിൽ തന്നെ കേരളത്തിൽ ആദ്യമായി കോഴിക്കോട്ടു പദ്ധതി തുടങ്ങി.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് പതിപ്പിച്ചതാണ് ഇ-പാസ്പോർട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
പാസ്പോർട്ടിന്റെ കവർപേജിൽ തന്നെ സ്വർണനിറത്തിൽ ചിപ്പിൻ്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്. ചിപ്പിലടങ്ങിയ വിവരങ്ങൾ പാസ്പോർട്ടിന്റെ പേജുകളിൽ അച്ചടിച്ചിട്ടുമുണ്ടാകും. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിർത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷൻ നടപടികളും മറ്റും എളുപ്പമുള്ളതാക്കാൻ ഇ-പാസ്പോർട്ട് സഹായിക്കും. വ്യാജ പാസ്പോർട്ട് തട്ടിപ്പ് തടയുന്ന ഈ പതിപ്പ് ഡേറ്റ സുരക്ഷയും ഉറപ്പാക്കും.