വരുമോ ബൈക്ക് ടാക്സികൾ കേരളത്തിലും?!

ഗതാഗതക്കുരുക്കിന് മറികടക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ബൈക്ക് ടാക്‌സികള്‍ അധികം താമസിയാതെ കേരളത്തിലെ നിരത്തുകളിലും കാണാന്‍ സാധിക്കുമോ. ഊബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ശൃംഖലകൾക്ക് സ്വകാര്യ ബൈക്കുകൾ ടാക്സ‌ിയായി ഓടിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം  പുറത്തിറക്കിയ പുതിയ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ബൈക്ക് ടാക്സികൾക്ക് അന്തിമാനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കായിരിക്കും. അതിനാല്‍ തന്നെ, ഇനി ബൈക്ക് ടാക്‌സികള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബൈക്ക് ടാക്സികൾക്ക് അനുമതി നൽകുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിശ്ചിത തുക ഫീസായി സംസ്ഥാന സർക്കാരുകൾക്ക് ഏർപ്പെടുത്താമെന്നും ഉത്തരവിലുണ്ട്. അതേസമയം അഗ്രഗേറ്റർ പ്ലാറ്റ്ഫോമുകളുടെ സേവന നിരക്കുകൾ സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി. തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ രണ്ടിരട്ടി വരെ ഈടാക്കാൻ ഒല, ഊബർ പോലുള്ള കാബ് അഗ്രഗേറ്റർമാർക്ക് കേന്ദ്രം അനുമതി നൽകി. നേരത്തെ 50 ശതമാനം മുതൽ 1.5 ഇരട്ടിവരെ വർധിപ്പിക്കാനാണ് അനുമതി ഉണ്ടായിരുന്നത്.

ഇത് കൂടാതെ പ്രത്യേക കാരണമില്ലാതെ യാത്ര റദ്ദാക്കിയാൽ 100 രൂപയിൽ കൂടാത്ത നിരക്കിന്റെ 10 ശതമാനം ഡ്രൈവറിൽ നിന്ന് ഈടാക്കുമെന്നും മതിയായ കാരണമില്ലാതെ യാത്ര റദ്ദാക്കുന്ന യാത്രക്കാരിൽ നിന്നും സമാനമായ പിഴ ഈടാക്കാമെന്നും പുതിയ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഓരോ വാഹനങ്ങൾക്കും സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച തുകയായിരിക്കും അടിസ്ഥാന നിരക്ക്.

പുതിയ മാർഗ നിർദേശങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പ്രാവർത്തികമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പുതിയ മാനദണ്ഡങ്ങൾക്ക് പുറമെ സംസ്ഥാനങ്ങൾക്ക് അധിക വ്യവസ്ഥകൾ ഉൾപ്പെടുത്താനും സാധിക്കും. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും നിലവില്‍ ബൈക്ക് ടാക്സികൾക്ക് വിലക്കുണ്ട്. നിയമവിരുദ്ധമാണെന്ന് കാണിച്ച് അടുത്തിടെയാണ് കർണാടകയിൽ ബൈക്ക് ടാക്സ‌ികൾക്ക് നിരോധനം ഏർപ്പെടുത്തിയത്.