ഗ്രാമീണ സ്ത്രീകളുടെ സാക്ഷരതാ നിരക്കില്‍ വര്‍ധന

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷരതാ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ പറഞ്ഞു. 100% ഗ്രാമീണ സാക്ഷരത കൈവരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ, വെല്ലുവിളികൾ, തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2011 ല്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷരതാ നിരക്ക് 67.77% ആയിരുന്നു. എന്നാല്‍ 2023-24 ഓടെ ഇത് 77.5% ആയി വർദ്ധിച്ചു. സ്ത്രീ സാക്ഷരതയിലെ 14.5 ശതമാനം പോയിന്റ് വർധനയാണ് ഈ ശ്രദ്ധേയമായ വർദ്ധനവിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. 57.93% ൽ നിന്ന് 70.4% ലേക്കെത്തി സ്ത്രീകളുടെ സാക്ഷരതാ നിരക്ക്. അതേസമയം പുരുഷ സാക്ഷരതയും മെച്ചപ്പെട്ടു. ഗ്രാമീണ മേഖലയിലെ പുരുഷന്മാരുടെ സാക്ഷരത 77.15% ൽ നിന്ന് 84.7% ആയി ഉയർന്നു.

ഗ്രാമീണ മേഖലയിലെ മുതിർന്ന പൗരന്മാര്‍ ഉൾപ്പെടെയുള്ളവരുടെ സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷാ അഭിയാൻ, സാക്ഷർ ഭാരത്, പദ്‌ന ലിഖ്‌ന അഭിയാൻ, ഉല്ലാസ്- നവഭാരത് സാക്ഷരത കാര്യക്രം എന്നിങ്ങനെ നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളും പരിപാടികളും ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമങ്ങളിലും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലും ഈ സംരംഭങ്ങളാണ് ആ ഫലം കണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി.