ജനറേറ്ററുകളിൽ അറ്റകുറ്റപ്പണി, ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഒരുമാസത്തോളം നിലയ്ക്കും

സംസ്ഥാനത്തിൻ്റെ പ്രധാന ജലവൈദ്യുതോത്പാദനകേന്ദ്രമായ ഇടുക്കിയിൽ നിന്നുള്ള ഉത്പാദനം പൂർണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കും. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളിൽ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതൽ പ്രവർത്തനം നിർത്തുന്നതിനാലാണിത്.

ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിൻ്റെ സീലുകൾ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് നവംബർ 11 മുതൽ ഡിസംബർ 10 വരെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തുന്നത്.

ഡാമിൽ നിന്ന് വെള്ളമെത്തുന്ന പവർഹൗസിലെ രണ്ടാം പെൻസ്റ്റോക്ക് പൈപ്പിൻ്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകളെന്നതിനാൽ നാലാം ജനറേറ്ററിന്റെ പ്രവർത്തനവും നിർത്തേണ്ടിവരും. എല്ലാ വർഷവും ജൂലായ് ‌മുതൽ ഡിസംബർവരെ ഓരോ ജനറേറ്റർവീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യുന്നതാണ് പതിവ്. ഇത്തവണ സീലുകൾ തേഞ്ഞുപോയത് കണ്ടെത്തിയതുകൊണ്ടാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരുമിച്ചുനടത്തുന്നത്.

വൈദ്യുതിയിലുണ്ടാകുന്ന കുറവ് പുറമേനിന്ന് വൈദ്യുതിഎത്തിച്ച് പരിഹരിക്കാനാകും. ഇടുക്കിയിലെ ആകെ വൈദ്യുതോത്പാദനം 780 മെഗാവാട്ടാണ്. മൂന്നു ജനറേറ്ററുകൾ നിർത്തുന്നതോടെ ഇത് പ്രതിദിനം 390 മെഗാവാട്ടായി കുറയും. മാസം 24 കോടി യൂണിറ്റിന്റെ കുറവുണ്ടാകും.