കേരളത്തിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ മൂന്നുലക്ഷത്തിലധികം വർധന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27-ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർപട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. തിങ്കളാഴ്‌ച വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണുള്ളത്.

18-നും 19-നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്സ‌ഭാ തിരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർധനവ് ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം 338 പേർ പട്ടികയിൽ ഉണ്ട്.

ചീഫ് ഇലക്ടറൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) പ്രവർത്തനങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയ മുഖേനയും കോളജുകൾ, സർവകലാശാലകൾ, പൊതുയിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടിപ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രചാരണം നടത്തി. വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫിസറുടേയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരുടേയും നേതൃത്വത്തിൽ തയാറാക്കി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്‌ത പോസ്റ്റുകൾക്കു വലിയ സ്വീകാര്യതയാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.