ഓൺലൈൻ തട്ടിപ്പുകളുടെ കാലം; ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് എങ്ങനെയറിയാം

സ്‌മാർട്ട്‌ഫോണിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുയർത്തുന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതിനുള്ള സൂചനകള്‍ സ്വയം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താവുന്നതാണ്. 

ബാറ്ററി ചാര്‍ജ് അതിവേഗം തീരുക: ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ ബാറ്ററി ചോർച്ചയാണ്. ഫോണിന്റെ ബാറ്ററി അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെങ്കിലോ കൂടുതൽ തവണ ചാർജ് ചെയ്യേണ്ടി വരികയാണെങ്കിലോ, സുരക്ഷയെ ബാധിക്കുന്ന ആപ്പോ, സോഫ്റ്റ് വെയറോ ഉള്ളതിന്റെ സൂചനയാണ്.

അമിതമായി ചൂടാകൽ: ഗെയിമിംഗ് അല്ലെങ്കിൽ വീഡിയോ സ്ട്രീമിംഗ് പോലുള്ള സമയങ്ങളിൽ ഫോണുകൾ സ്വാഭാവികമായും ചൂടാകാം, നിങ്ങളുടെ ഫോൺ ഉപയോഗിക്കാതിരിക്കുമ്പോൾ അമിതമായി ചൂടാകുന്നത് ഒരുപക്ഷേ ഹാക്കിംഗ് കാരണമായിരിക്കാം .

ലിങ്ക് ചെയ്‌ത അക്കൗണ്ടുകളിലെ അസാധാരണ പ്രവർത്തനം: നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിങ്ങൾ ഇടാതെ പോസ്റ്റുകൾ വരുകയോ, ഫോണിൽ നിന്ന് ഇമെയിലുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കാം

ഫോണിന്റെ പ്രവർത്തനം സാവധാനമാകുന്നത്: ഫോണിന്റെ മോശം പ്രകടനം, മന്ദത, ബാറ്ററി ഉപയോഗം എന്നിവ ഹാക്കിംഗ് ശ്രമത്തിന്റെ സൂചനയാകാം.

അസാധാരണമായ പെരുമാറ്റം: ഇടയ്‌ക്കിടെയുള്ള ആപ്പുകളുടെ ക്രാഷുകൾ, ലോഡ് ചെയ്യുന്നതിൽ പരാജയപ്പെടൽ, ക്രമരഹിതമായ റീബൂട്ടുകളും ഷട്ട്‌ഡൗണുകളും പോലുള്ള വിചിത്രമായ രീതിയിലാണ് ഫോൺ പ്രവർത്തിക്കുന്നതെങ്കിൽ അത് അപകട സൂചനയാകാം.

വിചിത്രമായ പോപ്പ്-അപ്പുകൾ: വ്യാജ വൈറസ് അലേർട്ടുകൾ, മറ്റ് ഭീഷണി സന്ദേശങ്ങൾ എന്നിവയുടെ അറിയിപ്പുകൾ ലഭിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കുക.

നിങ്ങളുടെ ആപ്പുകൾ പരിശോധിക്കുക: നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ ആപ്പുകളുടെ ലിസ്റ്റ് പരിശോധിച്ച് പരിചിതമല്ലാത്തവ അൺഇൻസ്റ്റാൾ ചെയ്യുക. ആപ്പ് ഡൗൺലോഡുകൾക്കായി ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയമായവ മാത്രം ഉപയോഗിക്കുക.

വർദ്ധിച്ച ഡാറ്റ ഉപയോഗം: നിങ്ങളുടെ മൊബൈൽ ഡാറ്റ ഉപയോഗം പെട്ടെന്ന് കുതിച്ചുയരുകയാണെങ്കിൽ, അത് തട്ടിപ്പ് ആപ്പുകളോ, ഡാറ്റ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറോ കാരണമായിരിക്കാം.

ഗ്യാലറി പരിശോധിക്കുക: നിങ്ങൾ പകർത്താത്ത ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ ഗാലറിയിൽ കണ്ടെത്തുകയാണെങ്കിൽ, ജാഗ്രത പാലിക്കുക. കാരണം അത് നിങ്ങളുടെ ക്യാമറയിലേക്കുള്ള അനധികൃത ആക്‌സസിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, ഫോണിന്റെ ഫ്ലാഷ് പെട്ടെന്ന് സജീവമാക്കുന്നത് റിമോട്ട് കൺട്രോളിനെയും സൂചിപ്പിക്കുന്നു.