ഒരാൾക്ക് എത്ര പവൻ സ്വർണം കൈയിൽ വെയ്ക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ? പരിധിയിൽ കൂടുതൽ സ്വർണം കൈയിൽ വെച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് എന്തൊക്കെയാണെന്നറിയുമോ? പുരുഷനും സ്ത്രീക്കും കൈയിൽ എത്ര സ്വർണം വെയ്ക്കാം. അതുപോലെ വീട്ടിൽ എത്രമാത്രം സ്വർണം കരുതാമെന്ന് നോക്കാം.
ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഒരാൾക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ കൈയിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകൾ, അവിവാഹിതരായ സ്ത്രീകൾ, പുരുഷൻമാർ എന്നിങ്ങനെ വ്യക്തികൾക്കനുസരിച്ച് ഈ പരിധിയിൽ വ്യത്യാസമുണ്ട്. നിയമപരിധിയിൽ കുറവുള്ള സ്വർണമാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതെങ്കിൽ വരുമാനം സംബന്ധിച്ച വിവരങ്ങൾ അധികൃതരെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
വരുമാനവുമായി ബന്ധപ്പെട്ട രേഖകളിലെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും ഈ പരിധികളിൽ കുറഞ്ഞ സ്വർണം ഒരാൾ കൈവശം വച്ചതായി കണ്ടെത്തിയാൽ അത് പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പിന് സാധിക്കില്ല.
വിവാഹിതയായ ഒരു സ്ത്രീക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ 500 ഗ്രാം വരെ സ്വർണം കൈവശം വയ്ക്കാം. അതായത് 62.5 പവൻ കൈയ്യിൽ വയ്ക്കാനാകും. (ഒരു പവൻ എന്നത് എട്ട് ഗ്രാമാണ്) ഇത് അവിവാഹിതയായ സ്ത്രീ ആണേൽ 250 ഗ്രാം വരെ ഇത്തരത്തിൽ കൈവശം സൂക്ഷിക്കാം. 31.25 പവൻ വരുമിത്. എന്നാൽ കുടുംബത്തിലെ പുരുഷനായ അംഗത്തിന് 100 ഗ്രാം സ്വർണം മാത്രമാണ് ഇത്തരത്തിൽ കൈവശം വയ്ക്കാനാവുക. ഇതിൽ കൂടുതൽ സ്വർണം കൈവശമുണ്ടെങ്കിൽ വരുമാനത്തിൻ്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കണം. അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും.
കൈയ്യിൽ വയ്ക്കാവുന്ന സ്വർണത്തിൻ്റെ പരിധി കടന്നാൽ ഉറവിടം കാണിക്കണം. അതായത്, സ്വർണം സമ്പാദിക്കാനുപയോഗിച്ച വരുമാനത്തിന്റെ്റെ ഉറവിടം വിശദീകരിക്കാൻ കഴിയണമെന്ന് സാരം. ആദായ നികുതി റിട്ടേൺ നൽകുന്ന സമയം ഈ വിവരം കുട്ടിച്ചേർക്കേണ്ടതുണ്ട്.