ഇന്നത്തെ ലോകത്ത് തട്ടിപ്പുകാർ കണ്ണുവെക്കുന്നവയിൽ പ്രധാനപ്പെട്ടതാണ് സിം കാർഡുകൾ. ബാങ്കിങ്, തിരിച്ചറിയൽ രേഖകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുമായെല്ലാം സിം കാർഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന് കാരണം. തട്ടിപ്പുകാർക്ക് മോഷ്ടിച്ച വ്യക്തിവിവരങ്ങൾ ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ എടുക്കാൻ സാധിച്ചേക്കും. അതേസമയം ഇത്തരത്തിലുള്ള വ്യാജ കണക്ഷനുകൾ സ്വന്തം പേരിലുണ്ടെന്ന കാര്യം പലരും അറിഞ്ഞിരിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് വർധിച്ചുവരുന്ന ഭീഷണികൾ നേരിടാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള സഞ്ചാർ സാഥി പ്ലാറ്റ്ഫോം പ്രധാനപ്പെട്ടതാകുന്നത്. സെൻ്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) വികസിപ്പിച്ച ഈ ഡിജിറ്റൽ സംരംഭം മൊബൈൽ ഐഡൻ്റിറ്റികൾ സംരക്ഷിക്കാനും ടെലികോം സംബന്ധമായ തട്ടിപ്പുകൾ തടയാനുമുള്ളതാണ്.
നഷ്ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഫോണുകൾ റിപ്പോർട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക, IMEI നമ്പറുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ ട്രാക്ക് ചെയ്യുക, ഒരാളുടെ പേരിൽ എടുത്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും പരിശോധിക്കാൻ കഴിയുക, വ്യാജ – സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യുക, മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ആധികാരികത പരിശോധിക്കുക എന്നിവ ഉൾപ്പെടെ നിരവധി വിലപ്പെട്ട സേവനങ്ങൾ അത് നൽകുന്നുണ്ട്.
ഈ സംവിധാനത്തിലൂടെ ഇതുവരെ 33.5 ലക്ഷത്തിലധികം വ്യാജ ഫോണുകളോ നഷ്ടപ്പെട്ട ഫോണുകളോ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം മോഷ്‌ടിച്ച ഉപകരണങ്ങൾ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നത്. കണ്ടെത്തിയ ഈ ഫോണുകളിൽ ഏകദേശം 4.64 ലക്ഷം എണ്ണം യഥാർഥ ഉടമകൾക്ക് തിരികെ നൽകി. വ്യാജ മൊബൈൽ കണക്ഷനുകൾ നേടാൻ ആരുടെയെങ്കിലും വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് സഞ്ചാർ സാഥി പ്ലാറ്റ്ഫോമിൽ പരിശോധിക്കാണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ പേരിൽ എടുത്തിട്ടുള്ള മൊത്തം സിം കാർഡ് കണക്ഷനുകൾ സഞ്ചാർ സാഥി പ്ലാറ്റ്ഫോമിൽ പരിശോധിക്കാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം:
sancharsaathi.gov.in സന്ദർശിക്കുക. ‘Citizen Centric Services’ എന്ന വിഭാഗത്തിൽ പോയി ‘Know Your Mobile Connections’ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറും ക്യാപ്‌ച കോഡും നൽകുക. നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒറ്റത്തവണ പാസ്വേഡ് (OTP) ലഭിക്കും. ലോഗിൻ ചെയ്യാൻ OTP നൽകുക. നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ (ആധാർ പോലുള്ളവ) ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളുടെയും ഒരു ലിസ്റ്റ് പോർട്ടൽ കാണിക്കും. ലിസ്റ്റിൽ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത നമ്പറുകൾ ഉണ്ടെങ്കിൽ നമ്പർ വിച്ഛേദിക്കാൻ ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്: സംശയാസ്പദമായ നമ്പറുകൾ സെലക്ട് ചെയ്യുക. ‘Not My Number’ എന്ന് തിരഞ്ഞെടുക്കുക.
കൺഫർമേഷൻ നൽകി സബ്‌മിറ്റ് ചെയ്യുക. ഒരു റിക്വസ്റ്റ് ഐഡി ലഭ്യമാകുന്നത് ട്രാക്കിങ് ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. ഈ നമ്പറുകൾ പിന്നീട് ടെലികോം സേവനദാതാവ് വീണ്ടും പരിശോധിക്കുന്നതിനായി അയയ്ക്കും. അംഗീകാരമില്ലാത്തതായി കണ്ടെത്തിയാൽ, കണക്ഷനുകൾ നിർജ്ജീവമാക്കും, അതുവഴി നിങ്ങളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാം.
