

കോഴിക്കോടും എറണാകുളത്തും റെയില്‍വേ ട്രാക്കിലേക്ക് പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിവിധ ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്.
കോഴിക്കോട് അരീക്കാട് മരങ്ങള്‍ പൊട്ടിവീണും വീടിന്റെ മേല്‍ക്കൂര റെയില്‍വേ പാലത്തിലേക്ക് മറിഞ്ഞുമായിരുന്നു അപകടം. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം 300 മീറ്റര്‍ അകലെ വീണ്ടും മരം പൊട്ടി വീണു. വീണ്ടും ഗതാഗത തടസം നേരിട്ടു. മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നേത്രാവതി എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം ഏറനാട്, കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍ മംഗലൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത്, നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ്, അമൃതസര്‍ തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ രണ്ടു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.