സ്വര്‍ണവില പവന് 1040 രൂപ വര്‍ധിച്ച് 86760 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ചൊവാഴ്‌ച പവന്‍റെ വിലയിൽ 1040 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണം പണിക്കൂലിയില്ലാതെ ലഭിക്കാൻ 86,760 രൂപ നൽകേണ്ടിവരും. ഗ്രാമിന്റെ വിലയാകട്ടെ 130 രൂപ കൂടി 10,845 രൂപയായി. ഒരു മാസത്തിനിടെ മാത്രം 9,120 രൂപയാണ് കൂടിയത്. സെപ്റ്റംബർ ഒന്നിന് 77640 രൂപയായിരുന്നു വില.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 1,17,375 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി. 1,43,840 രൂപയാണ് ഒരു കിലോഗ്രാം വെള്ളിയുടെ വില.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കുമെന്ന സൂചന, ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ചുള്ള ആശങ്കകൾ, ഡോളറിന്റെ തളർച്ച, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ കരുതലായി വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത്, ചെറികിട നിക്ഷേപകരുടെ ആവേശം തുടങ്ങിയവയെല്ലാമാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ.