സമീപകാലത്തൊന്നുമില്ലാത്ത കുതിപ്പ് രേഖപ്പെടുത്തി സ്വർണം. സംസ്ഥാനത്ത് സ്വർണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിൻ്റെ വിലയാകട്ടെ 355 രൂപ വർധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവൻ്റെ വിലയിലുണ്ടായ വർധന 10,800 രൂപയായി.
ആഗോള വിപണിയിൽ സ്വർണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔൺസിന് 4,300 ഡോളർ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.
യുഎസ് ചൈന വ്യാപാര സംഘർഷം രൂക്ഷമായതും ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് നിലവിലെ കുതിപ്പിന് പിന്നിൽ. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമൊക്കെ സ്വർണത്തിന്റെ നേട്ടത്തിന് പിന്നിലുണ്ട്. വൻകിട നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേയ്ക്ക് തിരിയുന്ന സാഹചര്യമാണ് ആഗോളതലത്തിലുള്ളത്.
