എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്നതിനുള്ള കേന്ദ്രസർക്കാരിൻ്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ചമുതൽ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. ഡിജിറ്റൽസേവ പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ സാധ്യമായേക്കും.
സംസ്ഥാനത്ത്, 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തിൽ നിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണ്ടതിനാലാണ് രജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്. ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടിരൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുക.
ആർക്കൊക്കെ ലഭിക്കും?
70 വയസ്സിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരർക്കും സാമൂഹിക- സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാകും.
അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.
അർഹത അറിയാൻ
- https://pmjay.gov.in/ . വെബ്സൈറ്റ് സന്ദര്‍ശിക്കുക
- “Am I Eligible” എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.
- മൊബൈൽ നമ്പറും കോഡും നൽകുക.
- ഒ.ടി.പി. വെരിഫിക്കേഷൻ നടത്തുക.
- ആവശ്യമായ വിവരങ്ങൾ നൽകിയശേഷം ‘സബ്മിറ്റ്’ ചെയ്യാം