മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് കേന്ദ്രാനുമതി ഉടൻ

സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത ഇന്‍റർനെറ്റ് സേവനദാതാക്കളായ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് കേന്ദ്രം ഉടൻ അനുമതി നൽകും. നിലവിൽ എയർടെൽ, റിലെയൻസ് ജിയോ എന്നീ കമ്പനികളുമായി സ്റ്റാർലിങ്ക് നടത്തിയ കരാറുകളുടെ അടിസ്ഥാനത്തിലാകും അനുമതി നൽകുക. നടപടി അവസാന ഘട്ടത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ കൺട്രോൾ സെന്റർ വേണമെന്ന ഉപാധി സർക്കാർ സ്റ്റാർലിങ്കിന് മുന്നിൽ വെച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ ഇൻറർനെറ്റ് വിച്ഛേദിക്കാൻ സൗകര്യം വേണം. സുരക്ഷ കാരണങ്ങളാൽ ടെലിഫോൺ ചോർത്തുന്നതിന് സംവിധാനം ഉണ്ടാകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സാധാരണ നീണ്ട പരിശോധനകൾക്കും, അന്വേഷണത്തിനും ശേഷമാണ് ആശയവിനിമയ രം​ഗത്ത് വിദേശ കമ്പനികൾക്ക് സർക്കാർ അനുമതി നൽകാറുള്ളത്. 

ഇന്ത്യയിലെ രണ്ട് പ്രമുഖ മൊബൈൽ കമ്പനികളായ എയർടെൽ, റിലയൻസ് ജിയോ എന്നി കമ്പനികളുമായാണ് സ്റ്റാർലിങ്ക് കരാർ.  സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ എതിർത്ത രണ്ട് കമ്പനികൾ പെട്ടന്ന് കരാറുണ്ടാക്കിയതിന് പിന്നിൽ ചില പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്നാരോപിച്ച് കോൺഗ്രസ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.