പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

‘ബാലവേല നിരോധനവും നിയന്ത്രണവും’ നിയമം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ പാർട്ടികൾ കുട്ടികളെ പങ്കെടുപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന 2014- ലെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു.

ബാലവേല നിയമങ്ങളും തെരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും റിട്ടേണിങ് ഓഫീസർമാർക്കും ചുമതല നൽകിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തപക്ഷം അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

പ്രചാരണത്തിനിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ അവരെ ഉൾപ്പെടുത്തുന്നതുമടക്കം അനുവദനീയമല്ല. തെരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം, പോസ്റ്റർ പതിപ്പിക്കൽ, ലഘുലേഖ വിതരണം മുതലായ പ്രവർത്തനങ്ങളിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ല.

എങ്കിലും, രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയുടെ സാമീപ്യം ഒരു രാഷ്ട്രീയനേതാവിനൊപ്പം കാണപ്പെടുകയും അതേസമയം, കുട്ടി ആ രാഷ്ട്രീയകക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു തരത്തിലും ഇടപെടുകയോ ചെയ്യുന്നില്ലെങ്കിൽ മാർഗനിർദേശങ്ങളുടെ ലംഘനമായി കാണാനാവില്ലെന്നും വ്യക്തമാക്കുന്നു.