പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ്’ വരുന്നു

പാദരക്ഷാ അളവുകൾക്ക് യു.കെ.യെയും യു.എസിനെയും ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വൈകാതെ മോചിതമാകും. 2025-ഓടെ പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ്’ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ). ഇതിനുകീഴിലുള്ള ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എൽ.ആർ.ഐ.) ആണ് ‘ഇന്ത്യൻ അളവി’ൽ പാദരക്ഷ പുറത്തിറക്കുന്നതിന നേതൃത്വം നൽകുന്നത്.

ഇതിനുമുന്നോടിയായി രാജ്യത്തെ വിവിധ ഇടങ്ങളിൽ സർവേ പൂർത്തിയാക്കി അന്തിമറിപ്പോർട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന് (ബി.ഐ.എസ്.) സമർപ്പിച്ചുകഴിഞ്ഞതായി സി.എസ്.ഐ.ആർ. ഡയറക്‌ടർ ജനറൽ എൻ. കലൈശെൽവി പറഞ്ഞു.

അഞ്ചുമുതൽ 55 വയസ്സുവരെയുള്ള ഒരു ലക്ഷത്തില്‍പ്പരം പേരെയാണ് രാജ്യത്തെ 73 ജില്ലകളിൽനിന്ന് സർവേയിൽ പങ്കെടുപ്പിച്ചത്. അവരിൽനിന്ന് പാദരക്ഷാ അളവു സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചു. കാലങ്ങളായി ഇന്ത്യയിൽ പാദരക്ഷകളുടെ അളവ് കണക്കാക്കുന്നത് യു.എസ്, യു.കെ., യൂറോ എന്നീ വിദേശഫോർമുലയിലാണ്. അതിനു മാറ്റംവരുത്തുകയാണ് സി.എൽ.ആർ.ഐ.യുടെ ലക്ഷ്യം. ഇന്ത്യക്കാരുടെയും വിദേശികളുടെയും പാദങ്ങൾക്ക് വ്യത്യാസമുണ്ടെന്ന് സി.എൽ.ആർ.ഐ.യിലെ വിദഗ്ധർ പറയുന്നു. ഇന്ത്യക്കാരുടെ പാദങ്ങൾ വീതിയേറിയതാണെങ്കിൽ വിദേശികളുടേത് വീതി കുറഞ്ഞതാണ്. നീളത്തിനൊപ്പം അളവുകളും രൂപപ്പെടുത്തുമ്പോൾ പാദങ്ങളുടെ വീതിയും പ്രത്യേകം കണക്കാക്കേണ്ടിവരുമെന്ന് സി.എൽ.ആർ.ഐ. ഡയറക്ടർ കെ.ജെ. ശ്രീറാം പറഞ്ഞു.

അടുത്ത ഒന്നരവർഷം 10,000 ആളുകളിൽ ‘ഇന്ത്യൻ അളവു’ സംബന്ധിച്ച പരീക്ഷണം നടത്തും. അതിനുശേഷം ഇന്ത്യൻ അളവിൽ പാദരക്ഷകൾ വിപണിയിൽ ലഭ്യമാക്കുമെന്ന് ശ്രീറാം പറഞ്ഞു

ജനങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തിയുള്ള പാദരക്ഷകൾ തയ്യാറാക്കുന്നതിലും സി.എൽ.ആർ.ഐ. പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കും. ഡോക്ട‌ർമാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സഹായം ഇതിനായി ഉപയോഗപ്പെടുത്തും. അസ്ഥിരോഗം, പ്രമേഹം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് പ്രത്യേകതരം പാദരക്ഷകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.