അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് നിർത്തൂ; അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് എംവിഡി

പരിചയമില്ലാത്ത ആളുകളോട് ലിഫ്റ്റ് ചോദിക്കുന്നതും വാഹനത്തിൽ യാത്ര ചെയ്യുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്. സ്‌കൂളിൽ പോകുന്ന സമയത്തും തിരികെ വരുന്ന സമയത്തും ലിഫ്റ്റ് ചോദിച്ച് വഴിയരികിൽ കാത്തുനിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ് എംവിഡിയുടെ മുന്നറിയിപ്പ്.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവമോ പശ്ചാത്തലമോ അറിയാതെ വാഹനത്തിൽ കയറുന്നത് അപകടത്തിൽ കലാശിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും ലിഫ്റ്റ് തരാമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടാലും അത് ഒഴിവാക്കണമെന്നും എംവിഡിയുടെ കുറിപ്പിൽ പറയുന്നു.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റ് ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.

കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക. സ്‌കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നുപോകാവുന്ന ദൂരം, റോഡിൻ്റെ വലതുവശം ചേർന്ന്, കരുതലോടെ നടക്കുക. നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്. യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം”- എംവിഡിയുടെ കുറിപ്പിൽ പറയുന്നു.