റോഡ് നന്നായത് കൊണ്ട് മാത്രമായില്ല, മാന്യമായി വാഹനമോടിക്കാനും അറിഞ്ഞിരിക്കണം

കേരളത്തിന് എല്ലാകാലത്തും പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് റോഡുകളുടെ ശോചനീയാവസ്ഥയും വലിപ്പം കുറഞ്ഞ റോഡുകളുടെയും പേരിലായിരുന്നു. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും റോഡുകൾക്ക് മാത്രം മാറ്റമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഈ അവസ്ഥയ്ക്ക് മാറ്റം കുറിച്ചുകൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരി പാത വൈകാതെ യാഥാർഥ്യമാകുകയാണ്. ഇതിൻ്റെ തുടക്കമെന്നോണം തലശേരി-മാഹി ആറുവരി ബൈപ്പാസ് തുറക്കുകയും ചെയ്തിരിക്കുന്നു.

കൂടുതൽ മികച്ച റോഡുകൾ തുറക്കുന്നതോടെ യാത്ര സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും യാത്രകളുടെ ദൈർഘ്യം കുറയുകയും ചെയ്യുമെന്നത് ആശ്വാസിക്കാൻ വക നൽകുന്നവയാണ്. എന്നാൽ, അപകടങ്ങൾ വർധിക്കാനുള്ള സാധ്യതകളും ഇതിനൊപ്പമുണ്ട്. കേവലം രണ്ടുവരി പാതയിൽ കൂടി തന്നെ സകല അഭ്യാസങ്ങളും കാണിച്ച് വാഹനമോടിക്കുന്നവർക്ക് കൂടുതൽ വിശാലമായ റോഡ് കൂടി ലഭിക്കുന്നതോടെ ഉണ്ടാകാനുള്ള അപകടങ്ങളെ കുറിച്ച് മോട്ടോർവാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൾട്ടി ലെയ്ൻ റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. സുക്ഷിതമായ ഡ്രൈവിങ്ങിൽ പാലിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.

ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ

  • വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
  • വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട.
  • മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (അനുമതി ഉണ്ടെങ്കിൽ ടു വീലർ, 3 വീലർ, ചരക്കു വാഹനങ്ങൾ, സ്‌കൂൾ വാഹനങ്ങൾ) ഉള്ളതാണ്.
  • രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.
  • മൂന്നാമത്തെ ലെയിൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാകും.
  • ഏതു ലെയിനിലെ വാഹനവും മറികടക്കേണ്ടി വരുമ്പോൾ ഗ്ലാസിൽ നോക്കി, സിഗ്നൽ നൽകിയതിനുശേഷം വലതുവശത്തുള്ള ലെയിനിലൂടെ മറികടന്ന് തിരിച്ച് സ്വന്തം ലെയിനിൽ വരണം.
  • ഏതെങ്കിലും കാരണവശാൽ മറികടക്കാൻ ശ്രമിക്കുമ്പോൾ വലതുവശത്തെ വാഹനം കുറഞ്ഞ വേഗത്തിലാണ് പോകുന്നതെങ്കിൽ അപകടങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കി ഇടതുവശത്തുകൂടി മറികടക്കാം.
  • സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ സിഗ്നൽ നൽകി കണ്ണാടിയിൽ നോക്കി, മെർജിംഗ് ലെയിനിലൂടെ വേഗത വർദ്ധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കാം.
  • മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് കയറുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലെയിനിൽനിന്ന് സിഗ്‌നൽ നൽകി, ബ്ലൈന്റ്റ് സ്പോട്ട് ചെക്ക് ചെയ്ത്‌, ഇടത് ലെയിനിലെത്തി സർവീസ് റോഡിൽ കയറാം.
  • കുറെ ദൂരം സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
  • ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 A പ്രകാരം നിയമനടപടികൾ കർശനമായിരിക്കും.