6 വയസ്സ് തികയാൻ 3 മാസം ബാക്കിയുള്ളവർക്കും ഒന്നാം ക്ലാസിൽ ചേരാം: സിബിഎസ്ഇ

 6 വയസ്സു തികയാൻ 3 മാസം ബാക്കിയുള്ള കുട്ടികൾക്കും ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കുമെന്നു സിബിഎസ്ഇ അറിയിച്ചു. കുറഞ്ഞ പ്രായം 6 വയസ്സെന്ന നിബന്ധനയിലെ ഇളവ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവേശനരീതികളിലെ വ്യത്യാസം മൂലമുള്ള പ്രായോഗികപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകരമാകും.

കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾസ് കേരള (സിസിഎസ്കെ) സംഘടിപ്പിച്ച മാനേജ്‌മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും ജില്ലാതല യോഗത്തിലാണ് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ്, അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി എന്നിവർ ഇളവിന്റെ കാര്യം അറിയിച്ചത്.

അതേസമയം, ദേശീയ വിദ്യാഭ്യാസ നയവും (എൻഇപി), വിദ്യാഭ്യാസ അവകാശ നിയമവും (ആർടിഇ) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാണെന്ന് ഇവർ ആവർത്തിച്ചു.

10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതുന്നതിനു വിദ്യാർഥികൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രായപരിധി തീരുമാനമെന്നും അധികൃതർ അറിയിച്ചു.