ബവ്കോയിൽ ബോണസ് കൂടാൻ കാരണമെന്ത്?

വിശേഷ ദിവസങ്ങളിലെ മദ്യക്കണക്കു പോലെ ബവ്റിജസ് കോർപറേഷനിലെ സ്ഥിരം ജീവനക്കാരുടെ ബോണസും എല്ലാ വർഷങ്ങളിലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബവ്കോയിൽ ബോണസ് കൂടാൻ ഒന്നിലേറെ കാരണമുണ്ട്.

ഒന്നാമതായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ബവ്റിജസ് കോർപറേഷൻ. അതിനാൽതന്നെ ലാഭവിഹിതത്തിനു ജീവനക്കാർക്കു അവകാശമുണ്ട്. എന്നാൽ മറ്റു കാരണങ്ങൾ ബവ്റിജസ് കോർപറേഷനിലെ ജീവനക്കാരുടെ ജോലിയോടുള്ള അർപ്പണബോധമാണ്. സാധാരണ സർക്കാർ ഉദ്യോഗസ്ഥർ എട്ടുമണിക്കൂർ ജോലിചെയ്യുമ്പോൾ ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർ ദിവസത്തിൽ 11 മണിക്കൂറിലേറെ ജോലിചെയ്യുന്നു. അധികമായി 3 മണിക്കൂർ ജോലി ചെയ്യുന്നതിനു 550 രൂപയോളമാണ് ഇവർക്ക് ലഭിക്കുന്നത്.

മറ്റൊന്ന് അവധി ദിവസങ്ങളാണ്. സാധാരണ സർക്കാർ ജീവനക്കാർക്ക് 80–82 ദിവസങ്ങൾ വർഷത്തിൽ അവധി ലഭിക്കും. എന്നാൽ ബവ്റിജസ് കോർപറേഷനിൽ അവധിദിനങ്ങൾ വളരെ കുറവാണ്. 12 ഡ്രൈ ഡേ, നാല് പൊതു അവധിദിനങ്ങൾ എന്നിവയാണ് വീക്ക്‌ലി ഓഫിനു പുറമേ ലഭിക്കുക. ബവ്റിജസ് കോർപറേഷനിൽ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവാണ് ഇതിനുള്ള കാരണം. 6000 പേർ വേണ്ടയിടത്ത് കേവലം 3000 ജീവനക്കാരാണ് ബവ്റിജസ് കോർപറേഷനിലുള്ളത്. 285 ചില്ലറ വിൽപന കേന്ദ്രങ്ങളാണ് ബവ്റിജസ് കോർപറേഷനുള്ളത്.

ബവ്റിജസ് കോർപറേഷനിലെ സ്ഥിരം ജീവനക്കാർക്ക് ഇത്തവണ 1,05,000 രൂപയാണ് ബോണസ്. കഴിഞ്ഞ വർഷത്തെക്കാൾ 2,500 രൂപയാണ് വർധിപ്പിച്ചത്. 37 കോടിയാണ് ഓണ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ചെലവ് കണക്കാക്കുന്നത്. ബോണസ് വാർത്തകളിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട് കഴിഞ്ഞ വർഷം 124 കോടി ലാഭത്തിലായിരുന്ന ബവ്കോ ഇത്തവണ 281 കോടി നഷ്ടത്തിലാണെന്നതാണ് അത്. കോർപറേഷൻ നഷ്ടത്തിലായതിനാൽ ധനവകുപ്പിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ ബോണസ് വിതരണം ചെയ്യൂ.