2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ്.

കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും കേന്ദ്രം അറിയിച്ചു. ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍.