ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നുണ്ടോ?, ഫോൺ നമ്പർ എത്ര തവണ മാറാം

ആധാര്‍ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ‌ സൗജന്യമായി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഡാറ്റാബേസിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ആധാർ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ആധാറിലെ തെറ്റായ വിവരങ്ങൾ  പ്രശ്‌നങ്ങൾക്ക് കാരണമാകും.  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉപയോക്താക്കളെ അവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു. എന്നിരുന്നാലും, എല്ലാ അപ്‌ഡേറ്റുകളും വീണ്ടും വീണ്ടും ചെയ്യാനാവില്ല.  തെറ്റുകൾ വരുത്താതെ നിങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ച്  അറിയേണ്ടതെല്ലാം ഇതാ.

  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തെറ്റാണെങ്കിൽ, അല്ലെങ്കിൽ മാറ്റിയിട്ടുണ്ടെങ്കിൽ,  അത് എത്ര തവണ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് UIDAI ഒരു പരിധിയും ഏർപ്പെടുത്തുന്നില്ല.
  • ആധാറിൽ പേര് മാറ്റുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. രണ്ടുതവണ മാത്രമേ  പേര് അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ. എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് പരിശോധിച്ച് ഉറപ്പാക്കുക.
  • ആധാർ സിസ്റ്റത്തിൽ ജനനത്തീയതി ഒരിക്കൽ മാത്രമേ അപ്ഡേറ്റ് ചെയ്യാൻ കഴിയൂ. ഇത് അപ്ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പോലുള്ള ഔദ്യോഗിക രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
  • പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ സ്ഥിരം വിലാസം മാറ്റിയിട്ടുണ്ടെങ്കിൽ,  ആധാർ വിലാസം പരിധിയില്ലാതെ അപ്ഡേറ്റ് ചെയ്യാൻ കഴിയും. വൈദ്യുതി ബിൽ, വാടക കരാർ അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പോലുള്ള സാധുവായ താമസ തെളിവ് നൽകേണ്ടിവരും.

ഏതാനും ഘട്ടങ്ങളിലൂടെ നിങ്ങളുടെ ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാമെന്നത് ഇതാ:∙myaadhaar.uidai.gov.in,https://myaadhaar.uidai.gov.in എന്നതിലേക്ക് പോകുക.

‘എന്റെ ആധാർ’ എന്നതിന് താഴെയുള്ള ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക (ഓൺലൈൻ)’ തുടർന്ന് ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ തിരഞ്ഞെടുക്കുക.

ആധാർ നമ്പർ നൽകുക, ക്യാപ്‌ച പൂരിപ്പിച്ച് ‘OTP അയയ്ക്കുക’ ക്ലിക്ക് ചെയ്യുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ OTP നൽകുക.

വിലാസമോ പേരോ പോലുള്ള, അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

മാറ്റങ്ങൾ സ്ഥിരീകരിക്കാൻ പുതുക്കിയ ഡോക്യുമെന്‍റുകൾ അറ്റാച്ചുചെയ്യുക.

പുരോഗതി ട്രാക്കുചെയ്യുന്നതിന് അഭ്യർത്ഥന സമർപ്പിച്ച്, അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (URN) സംരക്ഷിക്കുക.