

സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ (ഓതന്റിക്കേഷൻ അഥവാ പ്രാമാണീകരണം) അവസരം നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തി. ഇവയിൽ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ആധാർ ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ അപേക്ഷ നൽകാം.
ആധാർ ഓതന്റിക്കേഷൻ
ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓൺലൈനായി നൽകി അതിന്റെ ആധികാരികത ആധാർ സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റിപ്പോസിറ്ററിയുടെ സഹായത്തോടെ ഉറപ്പുവരുത്തുന്നതിനെയാണ് ഓതന്റിക്കേഷൻ എന്നു വിളിക്കുന്നത്.
വിവിധ സർക്കാർ സേവനങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ നമ്പറും ഫോണിൽ വരുന്ന ഒടിപിയും നൽകി വെരിഫൈ ചെയ്യുന്നതും റേഷൻ വാങ്ങാൻ വിരലടയാളം പതിപ്പിക്കുന്നതുമൊക്കെ ആധാർ ഓതന്റിക്കേഷന്റെ ഉദാഹരണങ്ങളാണ്.