ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച് രാഷ്‌ട്രപതി

പ്രോ-ടേം സ്‌പീക്കറായി മുതിർന്ന പാർലമെൻ്റ് അംഗം ഭർതൃഹരി മഹ്‌താബിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഭരണഘടനയുടെ ആർട്ടിക്കിൾ 95 (1) പ്രകാരം ഭർതൃഹരി പ്രോ-ടേം സ്‌പീക്കറായി തുടരും.

ലോക്‌സഭയുടെ ആദ്യ സിറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുന്ന പ്രോ-ടേം സ്‌പീക്കർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 18-ാമത് ലോക്‌സഭയുടെ സ്പ‌ീക്കർ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നതും ഭർതൃഹരിയായിരിക്കും.

പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗത്തിനാണ് പ്രോ-ടേം സ്‌പീക്കറുടെ ചുമതല നൽകുക. ഒഡിഷയിൽ നിന്നുള്ള ബിജെപി നേതാവാണ് ഭർതൃഹരി. കട്ടക്കിൽ നിന്ന് ഏഴ് തവണയാണ് അദ്ദേഹം പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജൂൺ 26നാണ് സ്‌പീക്കർ തെരഞ്ഞെടുപ്പ്. 24ന് പുതിയ ലോക്‌സഭയുടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ജൂലൈ മൂന്നിനാണ് സമ്മേളനം അവസാനിക്കുക.