പിഎസ്‌സി ലിസ്റ്റിലുണ്ടെങ്കിൽ താൽക്കാലിക അധ്യാപക നിയമനത്തിൽ മുൻ‌ഗണന

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിന് പരിഗണിക്കില്ലെന്നും മെയ് 30ന് ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കി.

ഉത്തരവിലെ മറ്റു പ്രധാന വ്യവസ്‌ഥകൾ

  • തസ്തികനിർണയ ഉത്തരവുപ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്‌കൂളുകളിൽ അവർ തുടരുന്നുണ്ടെങ്കിൽ അവിടെ ദിവസവേതന നിയമനം നടത്തരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുളള ഒഴിവുകളിലേക്ക്, ഇതു സംബന്ധിച്ച് ബാധകമാകുന്ന വ്യവസ്‌ഥകൾക്ക് വിധേയമായി സ്‌ഥലംമാറ്റി ക്രമീകരിക്കണം.
  • കെ-ടെറ്റ്/സെറ്റ് യോഗ്യത നേടിയതോ സ്‌ഥിരം ഇളവ് ലഭിച്ചതോ ആയ അധ്യാപകരെയാണ് ദിവസവേതന അടിസ്‌ഥാനത്തിലും നിയമിക്കേണ്ടത്.
  • ദിവസവേതനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ ആ ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. ഇതിൽ വീഴ്‌ച വരുത്തുന്ന പ്രഥമാധ്യാപകരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കും.
  • ദിവസവേതന അധ്യാപകർക്ക് ധനവകുപ്പ് അതതു കാലത്തേക്കു ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവിൽ പറയുന്ന നിരക്കിൽ വേതനം അനുവദിക്കണം.
  • താൽക്കാലിക നിയമനക്കാർക്ക് സ്‌കൂൾ കലണ്ടർ പ്രകാരമുള്ള അക്കാദമിക വർഷത്തിലെ അവസാന പ്രവൃത്തിദിനം വരെയും തുടരാനും അക്കാദമിക പ്രവർത്തനം നടത്താനും അനുവദിക്കാം.
  • സ്ഥിരനിയമനത്തിനു നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിക്കും വിരമിക്കൽ പ്രായത്തിനകത്തുമുള്ളവരെ (56 വയസ്സ്) ദിവസവേതന അടിസ്ഥ‌ാനത്തിൽ നിയമിക്കണം.
  • ദിവസവേതന നിയമനം നടത്താൻ അതതു വിഭാഗത്തിൽ റാങ്ക് ലിസ്‌റ്റ് തയാറാക്കി നിയമനം നടത്തേണ്ടതാണ്, ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ റാങ്ക് ലിസ്‌റ്റിൽ താഴെ വരുന്ന ആൾ ആദ്യം പുറത്താകും.