ജില്ലയില്‍ വോട്ടെണ്ണൽ ഒരുക്കം പൂർത്തിയായി: കളക്ടർ

കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ല ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വരണാധികാരിയായ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. നാട്ടകം ഗവൺമെന്‍റ് കോളജിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഒൻപതിന് ആദ്യഫലസൂചന ലഭ്യമാകും.

675 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. 129 മേശയാണ് സജ്ജീകരിച്ചിട്ടുള്ലത്. ഒരു മണ്ഡലത്തിൽ പരമാവധി 13 വോട്ടെണ്ണൽ റൗണ്ടുകളാണുള്ളത്. പിറവം 12, പാലാ 13, കടുത്തുരുത്തി 13, വൈക്കം 12, ഏറ്റുമാനൂർ 12, കോട്ടയം 13, പുതുപ്പള്ലി 13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകൾ.

നാട്ടകം ഗവ. കോളജിന്‍റെ മൈതാനത്ത് 1600 ചതുരശ്ര മീറ്ററും 875 ചതുരശ്ര മീറ്ററും വിസ്തീർണ്ണമുള്ല രണ്ട് വലിയ പന്തലുകളാണ് നിർമ്മിച്ചിട്ടുള്ളത്. പാലാ, പിറവം, വൈക്കം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒന്നാമത്തെ പന്തലിലാണ്. ഏറ്റുമാനൂരിലേത് കോളേജ് ലൈബ്രറി ഹാളിലും, കോട്ടയത്തേത് ഓഡിറ്റോറിയത്തിലും, കടുത്തുരുത്തി, പുതുപ്പള്ലി മണ്ഡലങ്ങളിലേത് ഡി ബ്ലോക്കിലുമാണ് എണ്ണുക.