ഉപയോഗശൂന്യമായ 69 വാഹനങ്ങൾക്ക് പകരം സംവിധാനമില്ലാതെ നിരത്തിലെ പരിശോധന കാര്യക്ഷമമാക്കാൻ കഴിയില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന സർക്കാർ നിർദേശപ്രകാരം 64 വാഹനങ്ങൾ വകുപ്പ് ഉപേക്ഷിച്ചിരുന്നു. ഇതിന് പുറമെ അപകടത്തിൽപെട്ടതും വെള്ളപ്പൊക്കത്തിൽ കേടായതുമായി അഞ്ചു വാഹനങ്ങളും ഉപയോഗശൂന്യമാണ്. വാടകയ്ക്ക് എടുത്ത ഇ-വാഹനങ്ങളിൽ നാലെണ്ണം കട്ടപ്പുറത്താണ്. ശേഷിക്കുന്ന 64 എണ്ണമാണ് നിരത്തിലെ പരിശോധനയ്ക്കുള്ളത്.
വാഹനങ്ങളുടെ കുറവ് പ്രധാനമായും റോഡ് സുരക്ഷാ പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത്. ഇത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് സർക്കാരിന് കത്ത് നൽകി. വാഹനങ്ങൾ ഇല്ലാത്തതുകാരണം നിരത്തിലെ വാഹന പരിശോധനയും കുറഞ്ഞു. ഇതുവഴി പിഴത്തുകയിലും സർക്കാരിന് വൻ നഷ്‌ടമുണ്ടാകുന്നുണ്ട്. പരിശോധനാ സ്‌ക്വാഡുകൾ സർക്കാരിന് വൻ നേട്ടമാണ്.
ഒരു വെഹിക്കിൾ ഇൻസ്പെക്ടർ മാസം കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴ ചുമത്തണമെന്നാണ് വ്യവസ്ഥ. പരിശോധന കാര്യക്ഷമാക്കിയാൽ ഒരു സബ് ആർ.ടി.ഓഫീസിൽ നിന്നും മാസം അഞ്ചുലക്ഷം രൂപയെങ്കിലും പിഴയായി സർക്കാരിന് ലഭിക്കും. ഉള്ള സ്‌ക്വാഡുകൾ പങ്കിട്ടാണ് വാഹനം ഉപയോഗിക്കുന്നത്. 24 മണിക്കൂറും റോഡിൽ നിരീക്ഷണം നടത്താൻ ഇറക്കിയ സേഫ് കേരള സ്‌ക്വാഡ് ഇപ്പോൾ കടലാസിൽ മാത്രമാണ്. ഉദ്യോഗസ്ഥരെ ഓഫീസ് ജോലികൾക്ക് നിയോഗിച്ചിരിക്കുകയാണ്. കട്ടപ്പുറത്തായ വാഹനങ്ങൾ ഏറെയും സബ് ആർ.ടി.ഓഫീസുകളിലേതാണ്. പകരം വാഹനമില്ലാത്തിതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ സ്വകാര്യവാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
അപകടത്തിൽപെടുന്ന വാഹനങ്ങളുടെ പരിശോധന വൈകുന്നത് പൊതുജനങ്ങളെയും വലയ്ക്കുന്നുണ്ട്. വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയാൽ മാത്രമേ പോലീസ് കസ്റ്റഡിയിൽ നിന്നും വാഹനം വിട്ടുകിട്ടുകയുള്ളൂ. ടിപ്പർ ലോറികളുടെ ക്രമക്കേട് ഉൾപ്പെടെയുള്ള പ്രത്യേക പരിശോധനകളും താളംതെറ്റിയ സ്ഥിതിയാണ്. പരിശോധന തുടങ്ങാൻ മേയ് രണ്ടിന് മന്ത്രി നിർദേശം നൽകിയെങ്കിലും വാഹനങ്ങൾ ഇല്ലാത്തതിനാൽ വൈകിയാണ് തുടങ്ങിയത്.
വൈദ്യുത വാഹനങ്ങൾ വാടകയ്ക്ക് എടുത്തതും ഫലപ്രദമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. വാഹനങ്ങൾ നേരിട്ട് വാങ്ങുന്നതിനെക്കാൾ കൂടുതൽ തുക വാടകയായി നൽകിയിട്ടുണ്ട്. ഇടയ്ക്കിടെ ചാർജ്ജ് ചെയ്യേണ്ടിവരുന്നതിനാൽ വൈദ്യുതി വാഹനങ്ങൾ റോഡിലെ വാഹന പരിശോധനയ്ക്ക് ഗുണകരമല്ലെന്നാണ് കണ്ടെത്തൽ. ഇവയുടെ അറ്റകുറ്റപ്പണി നടത്തിയതിലും വൻ തുക കുടിശ്ശികയുണ്ട്.