12 വയസ്സുവരെയുള്ള കുട്ടികൾക്ക് വിമാനയാത്രയിൽ മാതാപിതാക്കൾക്കൊപ്പം സീറ്റ് അനുവദിക്കാൻ വിമാന കമ്പനികൾക്ക് ഡി.ജി.സി.എ. നിർദേശം നൽകി. മാതാപിതാക്കളുടെ സീറ്റുകൾ രണ്ട് ഇടങ്ങളിലാണെങ്കിൽ ഒരാൾക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നൽകേണ്ടത്. യാത്രയിൽ മാതാപിതാക്കളില്ലെങ്കിൽ കൂടെയുള്ള മുതിർന്നയാളുടെ കൂടെ സീറ്റ് നൽകണമെന്നും വ്യോമയാന ഡയറക്‌ടർ ജനറൽ വ്യക്തമാക്കി.
മാതാപിതാക്കൾക്കൊപ്പമോ പരിചയമുള്ള മുതിർന്നവർക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികൾക്ക് അവരിൽ നിന്നുമാറി സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഇടപെടൽ. കുട്ടിയുടെയും രക്ഷിതാവിന്‍റെയും ഒരേ പി.എൻ.ആർ നമ്പർ ആണെങ്കിൽ മാത്രമേ ഈ നിർദേശം ബാധകമാവുകയുള്ളു. സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവർ വിമാനത്താവളത്തിൽ വച്ച് ചെക്ക് ഇൻ ചെയ്യുമ്പോൾ അനുവദിക്കുന്ന സീറ്റുകൾ സംബന്ധിച്ചായിരുന്നു പരാതി.
ഇത്തരത്തിൽ മാതാപിതാക്കൾക്കൊപ്പം സീറ്റ് നൽകുന്നതിന് അധിക ചാർജുകൾ ഈടാക്കരുതെന്നും ഡി.ജി.സി.എ വ്യക്തമാക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ഇത്തരത്തിൽ കുട്ടികൾക്ക് ഒറ്റക്ക് സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നിരുന്നത്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലും സമാനമായ പരാതികൾ യാത്രക്കാർ ഉയർത്തിയിരുന്നു. തുടർന്ന് അമേരിക്കൻ ഭരണകൂടം വിഷയത്തിലിടപെടുകയും ചെയ്തിരുന്നു.
നേരത്തെ സീറ്റ് സെലക്‌ട് ചെയ്യുന്നതിനായി എയർലൈൻ കമ്പനികൾ അധിക ചാർജ് ഈടാക്കിയിരുന്നു. ഇത് അടയ്ക്കാൻ തയ്യാറാകാത്തവർക്ക് കമ്പനികൾ തീരുമാനിക്കുന്ന ഓർഡറിലാണ് സീറ്റ് ലഭിച്ചിരുന്നത്.