നിര്‍ത്തിയിട്ട വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കരുത്; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

വെയിലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി കടകളിലേക്കോ മറ്റാവശ്യങ്ങൾക്കോ പോകരുതെന്ന് മുന്നറിയിപ്പ്. വാഹനത്തിനകത്തെ ഉയർന്ന ചൂട് കുട്ടികളിൽ നിർജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. വെയിലത്ത് നിർത്തിയിടുന്നത് ശീതീകരണ സംവിധാനമുള്ള വാഹനങ്ങളാണെങ്കിലും, വളരെ കുറച്ചുനേരം മാത്രമേ കുട്ടികളെ അകത്തിരുത്തി പോകാവൂ.

ഈ സമയം വാഹനത്തിലെ ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് വാഹന ഉടമ ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു. അവധിക്കാലമാണെങ്കിലും ക്ലാസുകൾ നടത്തുന്ന വിദ്യാലയങ്ങളുണ്ടെങ്കിൽ, കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വേനൽച്ചൂടേറുന്നതിനാൽ വളർത്തുമൃഗങ്ങളെ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തിപ്പോകരുതെന്നും അതോറിറ്റി നിർദേശിക്കുന്നു.

കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂൾ അധികൃതർ, 11- നും ഉച്ചയ്ക്ക് മൂന്നിനും ഇടയിൽ കുട്ടികൾക്ക് നേരിട്ട് ചൂടേൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉച്ചവെയിലിൽ കർഷകർ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.