വീട്ടില്‍ വോട്ട് ചെയ്‌തത്‌ 142799 പേർ

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ വോട്ടു ചെയ്യാൻ ഒരുക്കിയ “വീട്ടിൽ വോട്ട്‌’ അപേക്ഷകരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1,42,799 പേരാണ്‌ ഇതുവരെ വീട്ടിൽ വോട്ടു ചെയ്‌തത്‌. 85ൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു. 25 വരെ വീട്ടിൽ വോട്ട് തുടരും.

പോലീസ്, മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പോളിങ്‌ ഉദ്യോഗസ്ഥർ എന്നിവരാണ് വീട്ടിലെത്തി വോട്ട്‌ രേഖപ്പെടുത്തുക. സന്ദർശന വിവരം സ്ഥാനാർഥികളെയോ, പ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കും. വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത പെട്ടികളിൽ ശേഖരിച്ച്‌ സ്‌ട്രോങ്‌ റൂമുകളിലേക്ക്‌ മാറ്റും. വോട്ടിന്റെ രഹസ്യസ്വഭാവം നിലനിർത്തിയാണ് ഈ പ്രവർത്തനങ്ങളെല്ലാം.

വീട്ടിൽ വോട്ടുചെയ്യുന്നവരുടെ വിവരങ്ങൾ ‘അവകാശം’ പോർട്ടലിലൂടെ അപ്പപ്പോൾ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം വീട്ടിൽ വോട്ട്‌ ചെയ്‌ത കാസർകോട് മണ്ഡലത്തിലെ 111 വയസ്സുള്ള സി കുപ്പച്ചിയമ്മയെ കലക്ടർ കെ ഇമ്പശേഖർ നേരിട്ടെത്തി അഭിനന്ദിച്ചു. ഇടുക്കി ഇടമലക്കുടി നൂറനടിയിലെ ശിവലിംഗത്തിന്‌ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ 18 കിലോമീറ്റർ വനമേഖലയിലൂടെ കാൽനട യാത്ര ചെയ്തു.