ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു. 142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്. യു.എൻ.എഫ്.പി.എ.(യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോർട്ടിലാണ് കണക്കുകൾ.
ഇന്ത്യയുടെ ജനസംഖ്യയിൽ 24 ശതമാനം പേർ 14 വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനം പേർ 10 വയസ്സ് മുതൽ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. 77 വർഷംകൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ 10 വയസ്സുമുതൽ 24 വയസ്സുവരെ പ്രായമുള്ളവർ 26 ശതമാനമുണ്ട്. 15 മുതൽ 64 വയസ്സുവരെയുള്ളവർ 68 ശതമാനമാണ്. ഏഴുശതമാനം 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. പുരുഷൻമാരുടെ ആയുർദൈർഘ്യം 71 വയസ്സും സ്ത്രീകളുടെ ആയുർദൈർഘ്യം 74 വയസ്സുമാണ്.
2006-നും 2023-നും ഇടയിൽ ഇന്ത്യയിൽ ശൈശവവിവാഹത്തിന്‍റെ തോത് 23 ശതമാനമാണ്. ഇന്ത്യയിൽ പ്രസവത്തോടനുബന്ധിച്ച മരണനിരക്ക് വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ലോകവ്യാപകമായി എട്ടുശതമാനമാണ് ഇത്തരത്തിലുള്ള മരണത്തിന്റെ തോത്. കാര്യക്ഷമമായ ആരോഗ്യപരിരക്ഷ എളുപ്പത്തിൽ അമ്മമാർക്ക് ലഭിക്കുന്നതും ലിംഗവിവേചനപ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കുന്നതുമാണ് ഇന്ത്യയുടെ ഈ നേട്ടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ 640 ജില്ലകളിൽ മൂന്നുജില്ലകളിൽ മാത്രമാണ് പ്രസവത്തോടനുബന്ധിച്ച മരണത്തിന്‍റെ അനുപാതം കുറയ്ക്കുന്നതിനുള്ള സുസ്ഥിര വികസനലക്ഷ്യം കൈവരിച്ചത്. ഒരു ലക്ഷം ജനനത്തിന് 70 എന്നതാണ് സുസ്ഥിരവികസനലക്ഷ്യത്തിന്‍റെ തോത്. എന്നാൽ, ഇന്ത്യയിലെ 114 ജില്ലകളിൽ ഒരു ലക്ഷത്തിന് 210 ആണ് തോതെന്ന് റിപ്പോർട്ട് പറയുന്നു. ഏറ്റവും കൂടുതൽ അനുപാതപ്രശ്‌നം രേഖപ്പെടുത്തിയിരിക്കുന്നത് അരുണാചൽ പ്രദേശിലെ ഉൾമേഖലയായ തിരപ് ജില്ലയിലാണ്. ഒരുലക്ഷം ജനനത്തിന് 1671 ആണ് ഈ ജില്ലയിലെ തോത്. ലോകത്ത് ഭിന്നശേഷിയുള്ള സ്ത്രീകൾ ഭിന്നശേഷിയില്ലാത്തവരെക്കാൾ 10 ശതമാനം അധികം ലിംഗപരമായ ആക്രമണങ്ങൾ നേരിടുന്നു. സ്ത്രീകൾ, പെൺകുട്ടികൾ, കുടിയേറ്റക്കാർ, അഭയാർഥികൾ, വംശീയ ന്യൂനപക്ഷങ്ങൾ, എൽ.ജി.ബി.ടി. വിഭാഗങ്ങൾ, എച്ച്.ഐ.വി. ബാധിതരായ സ്ത്രീകൾ തുടങ്ങിയവർ വലിയ തോതിൽ ലൈംഗികാക്രമണങ്ങൾ നേരിടുന്നു.
തൊഴിൽസ്ഥലങ്ങളിലും വിദ്യാഭ്യാസരംഗത്തും ദളിത് സ്ത്രീകൾ ജാതിവിവേചനങ്ങൾ നേരിടുന്നുണ്ടെന്നും അവർക്ക് നിയമസംരക്ഷണം നൽകണമെന്നും ഇന്ത്യയിലെ ദളിത് അവകാശ പ്രവർത്തകർ വാദിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ പകുതിയോളം ദളിത് സ്ത്രീകൾക്ക് പ്രസവത്തിനുമുമ്പുള്ള പരിപാലനം ലഭിക്കുന്നില്ല. 40 ശതമാനം രാജ്യങ്ങളിലും സ്ത്രീകൾക്ക് സ്വന്തം ശരീരത്തിലുള്ള അധികാരം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.