സിവിൽ പോലീസ് ഓഫീസർ (പുരുഷ വിഭാഗം) നിയമനത്തിന് പിഎസ്‍സി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഏഴ് ബറ്റാലിയനിലായി 4725 പേർ മുഖ്യപട്ടികയിലും 1992 പേർ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെട്ടു. ഒരു വർഷമാണ് കാലാവധി. മുൻ പട്ടിക സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് തീർപ്പായ ശേഷം നിയമനം ആരംഭിക്കും. കഴിഞ്ഞ പട്ടികയുടെ കാലാവധി ശനിയാഴ്‌ച അവസാനിച്ച് തൊട്ടടുത്ത പ്രവൃത്തി ദിനംതന്നെ പിഎസ്‍സി പുതിയ പട്ടിക പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ പട്ടികയിൽനിന്ന് ഏഴ് ബറ്റാലിയനിലായി 4511 പേർക്ക് നിയമനം ലഭിച്ചു. പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഒരു മാസത്തോളം സമരത്തിലായിരുന്നു. യൂണിഫോം തസ്തികകളുടെ റാങ്ക് പട്ടികയുടെ കാലാവധി പിഎസ്‍സിക്ക് നീട്ടാനാകില്ല.
2022 ഡിസംബർ 12നാണ് സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് പിഎസ്‍സി അപേക്ഷ ക്ഷണിച്ചത്. 2,52,552 പേർ അപേക്ഷിച്ചു. ജൂലൈയിൽ രണ്ട് ഘട്ടമായി പരീക്ഷ നടത്തി നവംബറിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയിൽ കായികക്ഷമതാ പരീക്ഷയും നടത്തി സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കിയാണ് സമയബന്ധിതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.