കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്കോ?!; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനലവധി കാലത്തെ കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പോലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുന്‍പ്, രക്ഷിതാക്കള്‍ അവര്‍ക്ക് മാതൃകയാവണമെന്നാണ് പോലീസ് അറിയിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നത് എങ്ങനെയാണെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പോലീസ് വിശദീകരിക്കുന്നു.

പോലീസ് അറിയിപ്പ് ചുവടെ:

ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നതെങ്ങനെ?

  1. ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാന്‍ തുടങ്ങുക.
  2. ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.
  3. കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.
  4. ഗെയിം നിര്‍ത്താന്‍ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോള്‍ ദേഷ്യം തോന്നുക.
  5. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.
  6. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ഗെയിം തെരഞ്ഞെടുക്കുക.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. മാതാപിതാക്കള്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കുക.
  2. സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കുക.
  3. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക.
  4. അവരോടൊപ്പം കളിക്കാന്‍ സമയം കണ്ടെത്തുക.
  5. കഴിയുന്നതും അവരെ ഗെയിമുകളില്‍ നിന്നും പിന്തിരിപ്പിക്കുക.
  6. അഥവാ ഗെയിം കളിക്കണം എന്നുണ്ടെങ്കില്‍ എപ്പോള്‍ ഗെയിം കളിക്കണമെന്നു കൃത്യമായി തീരുമാനിക്കുക.
  7. കൃത്യമായ സമയപരിധി നിശ്ചയിക്കുക.

കുട്ടികളുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ കേരള പോലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കാം: 9497 900 200.