ഈസ്റ്റർ ദിനത്തിലും ഈ ബാങ്കുകൾ പ്രവർത്തിക്കും,​ നിർദ്ദേശം നൽകി ആർ ബി ഐ

ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി റിസർവ് ബാങ്ക്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എജൻസി ബാങ്കുകളോടാണ് മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ ആർ.ബി.ഐ ആവശ്യപ്പെട്ടത്. നടപ്പു സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം ഞായറാഴ്ച ആയതിനാലാണ് ഈ തീരുമാനം.

ഇത്തവണ ഈസ്റ്റർ വരുന്നതും മാർച്ച് 31നാണ്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാർച്ച് 31ന് തുറന്ന് പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക വർഷത്തിലെ എല്ലാ സർക്കാർ ഇടപാടുകളും പൂർത്തിയാക്കുന്നതിന് വേണ്ടിയാണിതെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

മാർച്ച് 31 പ്രവൃത്തി ദിനമാണെന്ന കാര്യം ഇടപാടുകാരെ അറിയിക്കാൻ വേണ്ട ക്രമീകരണങ്ങൾ ബാങ്കുകൾ നടത്തണമെന്നും ആർ.ബി.ഐ നിർദ്ദേശിച്ചു. നികുതി ശേഖരണം, സർക്കാർ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയവയാണ് ഏജൻസി ബാങ്കുകളുടെ ചുമതല.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻ്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സർക്കാരിന്റെ ഏജൻസിയായി പ്രവർത്തിക്കുന്ന പൊതുമേഖല ബാങ്കുകൾ. ആക്സിസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്സ‌ി ഫസ്റ്റ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ജമ്മു ആൻ്റ് കശ്മീർ ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, ആർബിഎൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയാണ് സർക്കാരിൻ്റെ ഏജൻസിയായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കുകൾ.