ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയില്‍ ഇളവുകള്‍ നല്‍കി എംവിഡി

വടക്കാഞ്ചേരിയിൽ ഒമ്പത് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവുനൽകി മോട്ടോർ വാഹനവകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിശോധനയിലാണ് മോട്ടോർ വാഹന വകുപ്പ് ഇളവുകൾ വരുത്തിയതായി അറിയിച്ചിരിക്കുന്നത്.

വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോകുന്നതിന് ഏഴ് ദിവസം മുമ്പ് വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്‍റെ ആദ്യ നിർദേശം. എന്നാൽ, പുതിയ ഉത്തരവ് അനുസരിച്ച് ടൂറിസ്റ്റ് ബസുകൾ 30 ദിവസത്തിൽ ഒരിക്കൽ മാത്രം പരിശോധനയ്ക്ക് എത്തിച്ചാൽ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. ബസിന്‍റെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.

കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ മാസത്തിൽ ഒരുതവണ മോട്ടോർ വാഹന ഇൻസ്പെക്ടർമാർ പരിശോധിച്ച് വാഹനത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ബസുകളിൽ അനധികൃത ലൈറ്റുകൾ, എയർ ഹോൺ ഉൾപ്പെടെയുള്ളവ, തീവ്രത കൂടിയ ശബ്ദസംവിധാനങ്ങൾ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ ഇത്തരം വാഹനങ്ങളിൽ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരേ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നിരോധിത ലൈറ്റുകളും ശബ്‌ദ സംവിധാനങ്ങളുമായി ഒരു ബസുകളും ഇനി നിരത്തുകളിൽ ഇറങ്ങരുതെന്നായിരുന്നു ഹൈക്കോടതി ഇത്തരം വാഹനങ്ങളുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട്. നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നിരത്തുകളിൽ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കായി 31 നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ളതായിരുന്നു നിർദേശങ്ങൾ. വേഗപ്പൂട്ട് വേർപെടുത്തി ഓടുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ഹോണുകൾ ഘടിപ്പിക്കുക, ഉയർന്ന ശബ്‌ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എൻജിൻ ഘടിപ്പിച്ച എയർ കണ്ടിഷൻ സംവിധാനമുള്ള ബസുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണു നടപടിക്കു വിധേയമാക്കുക.