ഗ്രാമീണ ബന്ദ്‌ 16ന്‌; ഗ്രാമങ്ങളും കമ്പോളങ്ങളും അടച്ചിടും: കിസാൻ മോർച്ച

രാജ്യത്തിന്റെ കാർഷിക മേഖലയിൽ മോദി സർക്കാരിന്റെ കോർപറേറ്റ്‌ കൊള്ള അവസാനിപ്പിക്കാനും കൃഷിയെയും രാജ്യത്തെയും സംരക്ഷിക്കാനും സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ആഹ്വാനം ചെയ്‌ത ഗ്രാമീണ–-വ്യാവസായിക ബന്ദ്‌ 16ന്‌. രാവിലെ ആറുമുതൽ വൈകിട്ട്‌ നാലുവരെയാണ്‌ ബന്ദാചരിക്കുക.

കർഷക, കർഷകത്തൊഴിലാളികൾക്ക്‌ പുറമേ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികളും പണിമുടക്കും. കാർഷിക കമ്പോളങ്ങൾ, കടകൾ, സർക്കാർ, സർക്കാരിതര ഓഫീസുകളും സ്ഥാപനങ്ങൾ എന്നിവ അടച്ചിട്ട്‌ കർഷകർക്ക്‌ പിന്തുണ നൽകണമെന്ന്‌ എസ്‌കെഎം അഭ്യർഥിച്ചു. നഗരമേഖലയിലെ കട കമ്പോളങ്ങളും അടച്ചിടും. പകൽ 12 മുതൽ നാലുവരെ ഗ്രാമങ്ങളിലും താലൂക്ക്‌ –-ജില്ലാ കേന്ദ്രങ്ങളിലും പ്രകടനങ്ങളും റോഡ്‌ ഉപരോധവും സംഘടിപ്പിക്കും.

വാഹനങ്ങൾ നിരത്തിലിറക്കാതെ ആളുകൾ സഹകരിക്കണം. ആംബുലൻസുകൾ അടക്കം അടിയന്തര സേവനങ്ങളെയും വിവാഹം, മരണം, പരീക്ഷ തുടങ്ങിയ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവരെയും ബന്ദിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. എല്ലാ വിഭാഗം ജനങ്ങളോടും ഗ്രാമീണ ബന്ദിൽ അണിനിരക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു.