സംസ്ഥാനത്ത് സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.
ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് നൽകുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.
സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന സെർവിക്കൽ കാൻസർ പ്രതിരോധിക്കാനുള്ള വാക്സീൻ വിതരണം ചെയ്യുമെന്നു കഴിഞ്ഞവർഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
വിദേശരാജ്യങ്ങളിൽ ഒൻപത് വയസു മുതൽ ഈ വാക്സിൻ നൽകുന്നുണ്ട്. ഗർഭാശയമുഖ കാൻസറിന് കാരണമാകുന്ന വൈറസ് ശരീരത്തിലെത്തി കുറഞ്ഞത് അഞ്ചുവർഷം കഴിഞ്ഞാവും ലക്ഷണങ്ങൾ പ്രകടമാക്കുക. അതിനാൽ വ്യക്തി ലൈംഗിക ബന്ധം ആരംഭിക്കും മുമ്പ് വാക്സിൻ എടുത്താലേ ആന്റിബോഡികൾ പ്രതിരോധം തീർക്കൂ.