എസ്ഐ ആകാൻ 2.13 ലക്ഷംപേർ; സിപിഒയ്ക്ക് അപേക്ഷകർ കുറവ്

കഴിഞ്ഞ വർഷം അവസാനം പിഎസ്‌സി വിജ്‌ഞാപനം പുറപ്പെടുവിച്ച സബ് ഇൻസ്പെക്‌ടർ (ഓപ്പൺ മാർക്കറ്റ്) തസ്‌തികയിലേക്ക് അപേക്ഷിച്ചത് 2,13,811 പേർ. കഴിഞ്ഞ തവണ 1,96,669 പേർ അപേക്ഷിച്ചപ്പോൾ ഇത്തവണ 17,142 പേരുടെ വർധനയുണ്ടായി. എന്നാൽ ആംഡ് പോലീസ് എസ്ഐ, തസ്‌തികമാറ്റം വഴിയുള്ള കോൺസ്റ്റാബ്യുലറി, മിനിസ്‌റ്റീരിയൽ വിഭാഗങ്ങളിൽ അപേക്ഷകർ കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കുറവാണ്. ആംഡ് പോലീസ് എസ്ഐ (ഓപ്പൺ മാർക്കറ്റ്) തസ്‌തികയിൽ 2830 അപേക്ഷകരുടെ കുറവാണ് ഇത്തവണ വന്നത്.

സിവിൽ പോലീസ് ഓഫീസർ തസ്‌തികയിൽ എല്ലാ ബറ്റാലിയനിലും കഴിഞ്ഞ തവണത്തേക്കാൾ അപേക്ഷകർ കുറഞ്ഞു. 7 ബറ്റാലിയനുകളിലായി കഴിഞ്ഞ തവണ 2,52,552 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇത്തവണ 1,69,051 അപേക്ഷകർ മാത്രം. 83,501 പേരുടെ കുറവ്. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം (എസ്എപി) ജില്ലയിലാണ് -32,082. കുറവ് ഇടുക്കി (കെഎപി-5) ജില്ലയിൽ-15,538. സിപിഒ ഒഴിവുകൾ വൻതോതിൽ കുറയുന്നതും ഇപ്പോൾ എല്ലാ വർഷവും വിജ്‌ഞാപനം പ്രസിദ്ധീകരിക്കുന്നതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.