നീതി പെട്ടെന്ന് ലഭിക്കുക എന്നത് പൗരന്മാരുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി സുഗമമാക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ്. ഇന്ത്യയുടെ സുപ്രീംകോടതി അതിന്റെ മാധ്യമമാണ്. ഭരണഘടനയുടെ നിർമ്മാതാക്കൾ സ്വപ്നം കണ്ട സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ സംരക്ഷിക്കാൻ സുപ്രീംകോടതി തുടർച്ചയായി ശ്രമിച്ചിട്ടുണ്ട്. ഊർജ്ജസ്വലമായ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയത് സുപ്രീംകോടതിയാണ്.
കാലഹരണപ്പെട്ട കൊളോണിയൽ ക്രിമിനൽ നിയമങ്ങൾ നിറുത്തലാക്കുന്നതിനും പുതിയ നിയമ നിർമ്മാണങ്ങൾ അവതരിപ്പിക്കാനും സർക്കാർ എടുക്കുന്ന പ്രവർത്തനങ്ങൾ മോദി എടുത്തുപറഞ്ഞു. സുപ്രധാന മാറ്റങ്ങളിലൂടെ ഇന്ത്യയുടെ നിയമ, പോലീസിംഗ്, അന്വേഷണ സംവിധാനങ്ങൾ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു. ഇത് നിലവിലെ സാഹചര്യത്തിനും മികച്ച സമ്പ്രദായങ്ങൾക്കും അനുസൃതമായി നിയമങ്ങൾ നവീകരിക്കാനുള്ല സർക്കാരിന്റെ നിരന്തരമായ ശ്രമത്തെ സൂചിപ്പിക്കുന്നു. ഇന്നത്തെ നയങ്ങൾ ഇന്ത്യയുടെ നാളത്തെ ഊർജ്ജസ്വലമായ അടിത്തറയാകും. ഇന്ന് രൂപീകരിക്കുന്ന നിയമങ്ങൾ ഭാവിയെ ശക്തിപ്പെടുത്തും. പഴയ നിയമങ്ങളിൽ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ല മാറ്റം തടസ്സമില്ലാത്തതായിരിക്കണം. അത് അത്യന്താപേക്ഷിതമാണ്- മോദി പറഞ്ഞു.
ഇന്ത്യൻ നിയമങ്ങൾ ധാർമ്മികത, സമകാലിക രീതികൾ എന്നിവ പ്രതിഫലിപ്പിക്കണം. ഇന്ത്യൻ മൂല്യങ്ങളുടെയും ആധുനികതയുടെയും സംയോജനം നമ്മുടെ നിയമ ചട്ടങ്ങളിൽ അനിവാര്യമാണ്. രാജ്യത്തെ മുഴുവൻ നീതിന്യായ വ്യവസ്ഥയും നിയന്ത്രിക്കുന്നതും നയിക്കുന്നതും സുപ്രീംകോടതിയാണ്. എല്ലാ പൗരന്മാർക്കും എത്തുന്ന തരത്തിൽ സുപ്രീംകോടതി മാറണം. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകിയത് അഭിമാനം നൽകുന്നു.
കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. 2014ന് ശേഷം ഇതിനായി 7000 കോടിയിലധികം തുക വിതരണം ചെയ്തു. ഇപ്പോൾ സുപ്രീംകോടതി കെട്ടിടത്തിന് പ്രശ്നങ്ങളുണ്ട്. കെട്ടിടത്തിന്റെ വിപുലീകരണത്തിന് കഴിഞ്ഞ ആഴ്ച 800 കോടി രൂപയുടെ അനുമതി നൽകി.