സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തൽ; മാർഗനിർദേശവുമായി സുപ്രീംകോടതി

സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്ന വിഷയത്തിൽ രാജ്യത്തെ ഹൈക്കോടതികൾക്ക്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥരെ അവഹേളിക്കരുതെന്നും വസ്‌ത്രധാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യ നിരീക്ഷണം പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

അസാധാരണ സാഹചര്യത്തിലേ സർക്കാർ ഉദ്യോഗസ്ഥരെ  വിളിച്ചുവരുത്താവൂ. സത്യവാങ്മൂലങ്ങളിലൂടെയോ മറ്റ്‌ രേഖകളിലൂടെയോ സർക്കാർ നിലപാട്‌ അറിയാമെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തരുത്‌. ഉദ്യോഗസ്ഥരുടെ നിലപാട്‌ കോടതി നിലപാടിന്‌ എതിരാണെന്നതിനാൽ അവരോട്‌ നേരിട്ട്‌ ഹാജരാകാൻ നിർദേശിക്കരുത്‌. വസ്‌തുതകൾ ബോധപൂർവം മറച്ചുവയ്‌ക്കുകയാണെന്ന്‌ വ്യക്തമായാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താം.

ഉദ്യോഗസ്ഥർ അവരുടെ ഭാഗം പറയുമ്പോൾമാത്രം എഴുന്നേറ്റാൽ മതിയാകും. വിളിച്ചുവരുത്തുംമുമ്പ്‌ മുൻകൂർ നോട്ടീസ്‌ നൽകണം. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാനുള്ള സാധ്യത ആദ്യം നൽകണം. അതിനുള്ള ലിങ്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഇ–- മെയിലിലേക്കോ ഫോണിലേക്കോ അയക്കണം–- മാർഗനിർദേശത്തിൽ പറഞ്ഞു.

രണ്ട്‌ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ അലഹബാദ്‌ ഹൈക്കോടതി നിർദേശത്തിന്‌ എതിരെ ഉത്തർപ്രദേശ്‌ സർക്കാർ നൽകിയ ഹർജിയിലാണ്‌ കോടതി ഇടപെടൽ.