ആധാർ പരിശോധിക്കാൻ പി എസ് സി- ക്ക് അനുമതി

സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി. ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ–ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധിക്കുക.

ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത പരിശോധന പി.എസ്.സി. നടത്തുക. ഉദ്യോഗാർഥി നൽകേണ്ട അനുമതിപത്രത്തിന്റെ മാതൃകയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. പി.എസ്.സി.ക്ക് ആധാർ പരിശോധന നടത്താൻ യു.ഐ.ഡി.യുടെ (യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അനുമതിയും വിജ്ഞാപനത്തിലൂടെ ഉറപ്പാക്കി.

സർക്കാർസർവീസിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി 2020 ജൂണിൽ സംസ്ഥാനം ഉത്തരവിറക്കിയിരുന്നു. ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണമെന്നും ഇത് നിയമനാധികാരി ഉറപ്പുവരുത്തണമെന്നുമായിരുന്നു ഉത്തരവ്. കോടതി ഇടപെടലിനെത്തുടർന്ന് 2021 ഏപ്രിലിൽ ഉത്തരവ് പിൻവലിച്ചു.

ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടത്തുന്നതിന് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയലും പി.എസ്.സി നടത്തും. സർക്കാർജോലിയിൽ സ്ഥിരപ്പെടുത്താൻ പി.എസ്.സി. നിയമനപരിശോധന 2010-ലാണ് ഏർപ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്ക് കൈമാറും. ഇവ ജീവനക്കാരന്റെ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനയിലൂടെ ഉറപ്പാക്കും. അതിനുശേഷമേ ജോലിയിൽ സ്ഥിരപ്പെടുത്തു.